ശബരിമലയിൽ പുതിയ ഭസ്മക്കുളം നിർമാണം തുടങ്ങി
1544104
Monday, April 21, 2025 3:51 AM IST
ശബരിമല: സന്നിധാനത്ത് പുതിയ ഭസ്മക്കുളത്തിന്റെ നിർമാണോദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠര് രാജീവര് എന്നിവർ ചേർന്നു നിർവഹിച്ചു.
പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിനു പിന്നിലായി മീനം രാശിയിലാണ് ശബരിമല മാസ്റ്റർ പ്ലാൻ സമിതിയുടെ അംഗീകാരത്തോടെ പുതിയ ഭസ്മക്കുളം നിർമിക്കുന്നത്. ഓരോ മിനിറ്റിലും കുളത്തിലെ ജലം ശുദ്ധീകരിക്കുന്നതിനായി കുളത്തിനോടു ചേർന്ന് അഞ്ചുലക്ഷം ലിറ്റർ ശേഷിയുള്ള ശേഷിയുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കും.
15.72 മീറ്റർ വീതിയിലും 21 മീറ്റർ നീളത്തിലുമാണ് പുതിയ കുളം നിർമിക്കുന്നത്. 13 അടി ആഴത്തിൽ നിർമിക്കുന്ന കുളത്തിൽ അഞ്ച് അടി ആഴത്തിൽ വെള്ളമുണ്ടാകും.
കുളത്തിലേക്കിറങ്ങാൻ വശങ്ങളിൽ നിന്നും പടവുകൾ നിർമിക്കും. പടിഞ്ഞാറ് വശത്തായി കുംഭം രാശിയിൽ സ്ഥിതി ചെയ്യുന്ന നിലവിലെ ഭസ്മക്കുളം തുടർന്നും ഭക്തർക്ക് ഉപയോഗിക്കാം.
ഐസിഎൽ ഫിൻകോർപ് സിഎംഡി കെ.ജി. അനിൽകുമാറാണ് പുതിയ ഭസ്മക്കുളം വഴിപാടായി സമർപ്പിക്കുന്നത്.