മുണ്ടുകോട്ടയ്ക്കൽ അങ്കണവാടി സ്മാർട്ടായി
1543758
Sunday, April 20, 2025 3:32 AM IST
പത്തനംതിട്ട: നഗരസഭ ആറാം വാർഡിലെ (മുണ്ടുകോട്ടയ്ക്കൽ, വല്യയന്തി) അങ്കണവാടി സ്മാർട്ടായി. കുരുന്നുകൾക്ക് ആധുനിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇനി മുതൽ വിദ്യ നുകരാം. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടത്തിനായി വാർഡ് കൗൺസിലർ ആൻസി തോമസിന്റെ നേതൃ ത്വത്തിൽ ഫണ്ട് സ്വരൂപിച്ച്, വാർഡിലെ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭിക്കത്തക്കവിധമുള്ള സ്ഥലം കണ്ടെത്തിയാണ് പുതിയ കെട്ടിടം നിർമിച്ചത്.
ഒരു സെന്റ് സ്ഥലം വില നൽകിയും സ്ഥലം ഉടമ പുളിന്തിട്ട സുമിത് സി. തോമസ് രണ്ടു സെന്റ് സൗജന്യമായും നൽകിയതോടെ സ്വന്തമായി അങ്കണവാടിയെന്ന സ്വപ്നം യാഥാർഥ്യത്തിലെത്തി.
പത്തനംതിട്ട നഗരസഭയുടെ തനതുഫണ്ടുപയോഗിച്ച് കെട്ടിടവും അനുബന്ധ സംവിധാനങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നു. ദേശീയ പാഠ്യ പദ്ധതിയുടെ ചുവടുപിടിച്ച് കുട്ടികളുടെ സകല കഴിവുകളുടെയും വികസനത്തിനുതകും വിധമുള്ള ആധുനിക സംവിധാനങ്ങൾ പുതിയ അങ്കണവാടിയിൽ ഒരുക്കുകയും ചെയ്തു.
ശിശു സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിനാവശ്യമായ കളിപ്പാട്ടങ്ങളും ടെലിവിഷനും ലാപ്ടോപ്പും എൽസിഡി പ്രൊജക്ടറും ശീതികരിച്ച അങ്കണവാടിയിൽ ക്രമീകരിച്ചിട്ടുണ്ട്. . പുതിയ അങ്കണവാടിയുടെ ഉദ്ഘാടനം വൈകാതെ നടത്തുമെന്ന് വാർഡ് കൗൺസിലർ ആൻസി തോമസ് അറിയിച്ചു.