ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സുരക്ഷ ഓഡിറ്റിംഗ് നിലച്ചു
1544094
Monday, April 21, 2025 3:43 AM IST
പത്തനംതിട്ട: ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിക്കുന്ന കോന്നി ഇക്കോ ടൂറിസം സെന്ററില്‍ സര്‍ക്കാര്‍ നിര്ദേശക്കപ്പെട്ടിലുള്ള സുരക്ഷാ പരിശോധനകള്‍ അവഗണിക്കുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാതെയും നടപ്പിലാക്കാതെയുമാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2002 ല്‍ പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ വനം വകുപ്പ് തയാറാക്കിയിരുന്നു. തുടര്‍ന്ന് പി. പുകഴേന്തി ഇക്കോ ടൂറിസം അഡീഷണല്‍ പിസിസിഎഫ് ആയിരിക്കേ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ ഓഡിറ്റും ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു.
വനംവകുപ്പിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, പൊതുമരാമത്ത്, ടൂറിസം, ഹെല്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഘമാണ് ഈ സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതൊന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോന്നി അടക്കമുള്ള മിക്ക ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള സുരക്ഷ ഓഡിറ്റിംഗ് നടന്നിട്ടില്ല.
ദക്ഷിണാ വനമേഖല (കൊല്ലം ) സിസിഎഫ് ചെയര്‍മാനും കോന്നി ഡിഎഫ്ഒ എക്സിക്യൂട്ടീവ് ഓഫീസറും ആയിട്ടുള്ള കോന്നി വനവികാസ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ഇക്കോ ടൂറിസം സെന്ററിലും ഇത്തരത്തിലുള്ള സുരക്ഷ ഓഡിറ്റ് നടത്തിയിട്ടില്ല. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്.
അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും യാതൊരുവിധത്തിലുള്ള സുരക്ഷാ പരിശോധനകളും നടത്തുന്നില്ല. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികള്‍ ഏറെയും കാലപ്പഴക്കം ചെന്നവയാണ് എന്നാണ് അറിയുന്നത്. കോന്നി ആനത്താവളത്തിനുള്ളില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പാര്‍ക്കിലെ റൈഡുകള്‍ അടക്കമുള്ളവ തുരുമ്പിച്ച് നാശാവസ്ഥയിലാണെന്ന് ആക്ഷേപമുണ്ട്.
സ്കൂള്‍ അവധിക്കാലമായതോടെ നിരവധി കുട്ടികളാണ് സന്ദര്‍ശകരായി ആനത്താവളത്തിലെത്തുന്നത്. കഴിഞ്ഞദിവസം കടമ്പനാട് സ്വദേശിയായ നാലുവയസുകാരന് അഭിരാമിന്റെ മരണത്തിലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായതാണ്.
ടൂറിസം കേന്ദ്രം പരിസരങ്ങളിലെ അപകടകരമായ മരച്ചില്ലകളും മുറിച്ചു നീക്കിയിട്ടില്ല. ആനത്താവളത്തിനുള്ളിലെ മരങ്ങള്‍ പലതും ചുവടു ദ്രവിച്ചവയും ചില്ലകള്‍ ഒടിയാറായതുമാണ്.