കാൽനടയാത്രക്കാർക്ക് ഭീഷണിയായി മരത്തടികൾ
1544106
Monday, April 21, 2025 3:51 AM IST
കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപം കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ കാൽനടയാത്രക്കാർക്കു ദുരിതമാകുന്നു. സിവിൽ സ്റ്റേഷന് മുൻവശത്ത് പുറന്പോക്കിൽ പൊതുജനങ്ങൾക്ക് അപകടഭീഷണി ഉയർത്തിയ വാകമരമാണ് ഒരുവർഷം മുന്പ് വെട്ടിമാറ്റിയത്.
മുറിച്ചുമാറ്റിയ മരങ്ങളുടെ അവശിഷ്ടങ്ങളും ചില്ലകളുൾപ്പെടെയുള്ള ഭാഗങ്ങളാണ് മിനിസിവിൽ സ്റ്റേഷന്റെ സമീപത്തായി കൂനകൂട്ടിയിട്ടിരിക്കുന്നത്. ഇത് കാൽനടയാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു. കൊടുംവളവിലെ നടപ്പാതയിൽ തടികൾ കിടക്കുന്നതിനാൽ റോഡിലൂടെ നടക്കേണ്ട സ്ഥിതിയിലാണ് കാൽനടയാത്രക്കാർ. വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരെ ഇടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
ദൂരെസ്ഥലങ്ങളിലേക്ക് പോകുന്ന ഇരുചക്രയാത്രികർ ഇവിടെ പാർക്ക് ചെയ്തിട്ടായിരുന്നു ഓഫീസുകളിലേക്കും മറ്റുമായി പോകുന്നത്. എന്നാൽ, മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ പാർക്കിംഗിനുള്ള ഇടങ്ങൾ നഷ്ടപ്പെട്ടിരിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്ന മരത്തടികൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.