സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷം: മേള സൗജന്യ സേവനങ്ങളുടെ കേന്ദ്രമാകും
1549211
Friday, May 9, 2025 6:41 AM IST
കൊല്ലം: സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ ഭാഗമായി ആശ്രാമം മൈതാനത്ത് 11 ന് തുടങ്ങി 17 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന - വിപണന മേളയ്ക്കൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും.
ആധാര്‍ എന്റോള്‍മെന്റ് അപ്ഡേഷന്, ആധാര്‍ കാര്‍ഡ് പ്രിന്റിംഗ്, അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷന്, സംശയ നിവാരണം, പ്രമേഹം, രക്താദിമര്‍ദം, ഹീമോഗ്ലോബിന്‍ പരിശോധന, ന്യൂട്രീഷ്യന്‍ കൗണ്‍സിലിംഗ്, മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ഇ-ഹെല്‍ത്ത് സേവനങ്ങള്‍, മണ്ണ്പരിശോധന, തുടങ്ങിയ ഒട്ടേറെ സേവനങ്ങളാണ് ഒരിടത്തുതന്നെ സൗജന്യമായി ലഭിക്കുക.
കൃഷി-മൃഗസംരക്ഷണം, പോലീസ്, ഫയര്‍ ആൻഡ് റെസ്ക്യൂ, എക്സൈസ്, വനം, പൊതുമരാമത്ത്, കിഫ്ബി, വാട്ടര്‍ അഥോറിറ്റി, ജലസേചനം, കെ എസ് ഇ ബി, കെ-ഫോണ്‍, വ്യവസായം, കയര്‍, തൊഴില്‍, ലോട്ടറി, ജി എസ് ടി, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ തീം സ്റ്റാളുകളും സജ്ജമാക്കും. ഇതുവഴി വകുപ്പുകളുടെ പ്രവര്ത്തനപരമ്പര തിരിച്ചറിയാനാണ് അവസരം ഒരുക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഏകോപനത്തില്‍ കിഫ്ബിയുടെ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടവും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും തീം - സേവന സ്റ്റാളുകള്‍, വ്യവസായം, സഹകരണം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലുള്ള വിപണനസ്റ്റാളുകള്‍, കുടുംബശ്രീ ഏകോപിപ്പിക്കുന്ന ഫുഡ്കോര്‍ട്ട്, വിവിധസമ്മേളനങ്ങള്ക്കും സെമിനാറുകള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള വിശാലമായവേദി എന്നിങ്ങനെയാണ് പ്രദര്‍ശനത്തിനു ഒരുക്കിയിട്ടുളളത്. സ്റ്റാളുകള്‍ ഇന്ന് മുതല്‍ സജ്ജമാക്കും.