മൃഗചികിത്സ വീട്ടുപടിക്കലേക്ക് എത്തും: മന്ത്രി ജെ.ചിഞ്ചുറാണി
1549213
Friday, May 9, 2025 6:41 AM IST
കൊല്ലം: ജില്ലയില്‍ മൃഗചികിത്സ വീട്ടുപടിക്കലേക്കെത്തുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാനത്താകെ ആരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെയും സര്‍ജറി യൂണിറ്റുകളുടെയും ഫ്ളാഗ് ഓഫ് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 1962 ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ സേവനം വീട്ടിലെത്തും.
ഇത്തിക്കര, കൊട്ടാരക്കര, ചവറ ബ്ലോക്കുകളില്‍ മൊബൈല്‍ യൂണിറ്റുകളും കൊല്ലം കേന്ദ്രീകരിച്ച് ഒരു സര്‍ജറി യൂണിറ്റുമാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരും ഡ്രൈവര്‍ കം അറ്റന്‍ഡന്ററും മൊബൈല്‍ യൂണിറ്റില്‍ ഉണ്ടാവും. ഇവരുടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി.
ചവറ ബ്ലോക്കിലെ വാഹനം അരിനല്ലൂര്‍ മൃഗാശുപത്രിയിലും ഇത്തിക്കരയിലെ വാഹനം ചാത്തന്നൂര്‍ മൃഗാശുപത്രിയിലും കൊട്ടാരക്കര യൂണിറ്റ് കുഴിക്കാട് വെറ്ററിനറി ഡിസ്പന്സറിയിലുമാണ് ക്യാമ്പ് ചെയ്യുക.
വൈകുന്നേരം ആറ് മുതല്‍ രാവിലെ അഞ്ച് വരെയാണ് പ്രവര്‍ത്തനം. വാഹനത്തില്‍ സജ്ജമാക്കിയ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് കര്‍ഷകര്‍ക്ക് ബില്‍ അടയ്ക്കാം. നിലവില്‍ ചടയമംഗലം, അഞ്ചല്‍ ബ്ലോക്കുകളില്‍ മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പുതിയ സര്‍ജറി യൂണിറ്റും ഇതോടൊപ്പം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകള്‍ പദ്ധതി വിഹിതമുപയോഗിച്ച് മരുന്നുകള്‍ കൂടി വാങ്ങി നല്‍കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന് അധ്യക്ഷനായി. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, നഗരസഭാ കൗണ്‍സിലര്‍ ബി.ഷൈലജ, ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. എ.എല്‍. അജിത്, ഡോ. എസ്. പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ.പി.ബേബി, ഡോ. ആര്. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.