ആറ്റിൽ കണ്ടെത്തിയ കടുവയുടെ ജഡം സംസ്കരിച്ചു
1549227
Friday, May 9, 2025 6:59 AM IST
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റതാകാം മരണകാരണം എന്ന് പ്രാഥമിക നിഗമനം
കുളത്തൂപ്പുഴ: കഴിഞ്ഞദിവസം കുളത്തൂപ്പുഴ നെടുവന്നൂർ കടവ് പൂമ്പാറ പ്രദേശത്ത് ആറ്റിൽ കണ്ട കടുവയുടെ ജഡം മൃഗസംരക്ഷണ ,വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം സംസ്കരിച്ചു.
ഡോ. അരുണ ദേവിയുടെ മേൽനോട്ടത്തിൽ മൃഗസംരക്ഷണ ഡോക്ടർമാരുടെ സംഘം നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ (എൻ ടി സി എ)പാലിച്ചാണ് കടുവയുടെ പോസ്റ്റുമോർട്ടം നടത്തിയത്.
തെന്മല വനം റേഞ്ചിൽ കല്ലുവരമ്പ് സെക്ഷനിൽ ആണ് കടുവയുടെ ജഡം കണ്ടത് . അഞ്ചു വയസ് പ്രായം വരുന്ന പെൺ കടുവയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായും കാലിൽ മുറിവേറ്റതായും കണ്ടെത്തി.
കാട്ടുപോത്തുമായുണ്ടായ സംഘർഷത്തിലാകാം ശരീരത്തിലെ പരിക്കുകളെന്നും ഇതാവാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. ശരീര സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ലാബിൽ അയച്ചിട്ടുണ്ട്. ഇവയുടെ ഫലം വന്നാലേ മരണകാരണം വ്യക്തമായി പറയാൻ കഴിയുകയുള്ളൂ എന്ന് തെന്മല, പുനലൂർ ഡി എഫ് മാരായ അനിൽ ആന്റണി, വൈ.എം .ഷാജി കുമാർഎന്നിവർ അറിയിച്ചു.
ഡോക്ടർമാരായ എസ് .കെ. അരുൺകുമാർ(കോട്ടൂർതിരുവനന്തപുരം) ,എ.അനസ് (കഴുതുരുട്ടി മൃഗ ആശുപത്രി) ,മണി മോഹൻ ( ഏരൂർ മൃഗാശുപത്രി ) ,എൻ ജി ഒ പ്രതിനിധി പ്രദീപ് ,കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ മേഴ്സി ജോർജ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആയിരുന്നു നടപടികൾ .