എസ്എസ് സമിതി അഭയകേന്ദ്രത്തിലെ സഞ്ജയ് യാദവും ഷിനുവും സ്വന്തം ഭവനങ്ങളിലേക്ക്
1548950
Thursday, May 8, 2025 6:54 AM IST
കൊല്ലം: ബീഹാർ സ്വദേശികളായ സഞ്ജയ് യാദവ്, ഷിനു എന്നിവരുടെ കാത്തിരിപ്പ് വെറുതെ ആയില്ല. വഴി തെറ്റി ഒറ്റപ്പെട്ട് എസ് എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിയ സഞ്ജയ് യാദവും ഷിനുവും ഒടുവിൽ സ്വന്തം ഭവനങ്ങളിലേക്ക് യാത്രയായി. മാനസികാരോഗ്യ കുറവ് ഉള്ള ഇരുവരുടെയും നാടും വീടും കണ്ടെത്തി കോട്ടയം അരുമാനൂർ മാർവലാഹ ദയറ ട്രെയിനിംഗ് സെന്ററിൽ എത്തിക്കുകയായിരുന്നു.
അന്യ സംസ്ഥാനക്കാരുടെ വീട് കണ്ടെത്തി തിരികെ അയയ്ക്കുന്ന പ്രത്യാശ പദ്ധതിയുടെ ഭാഗമായാണ് ഇവരുടെ വീടുകൾ കണ്ടെത്തിയത്. കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരത്ത് അലഞ്ഞു നടന്നിരുന്ന ഷിനുവിനെ നഗരത്തിലെ സാമൂഹ്യ പ്രവർത്തകരാണ് 2005ൽ എസ് എസ് സമിതിയിലെത്തിക്കുന്നത്.
കൊട്ടിയം ടൗണിൽ അലഞ്ഞു നടന്നിരുന്ന സഞ്ജയ് യാദവിനെ 2024 ൽ ആണ് എസ് എസ് സമിതിയുടെ റെസ്ക്യു ടീം ഏറ്റെടുക്കുന്നത്. ഇരുവരുടെയും വീട് കണ്ടെത്തിയ ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറുന്നതിനായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന കോട്ടയം അരുമാനൂർ മാർവലാഹ ദയറ ട്രെയിനിംഗ് സെന്ററിൽ എസ് എസ് സമിതി പ്രവർത്തകർ നേരിട്ട് എത്തിച്ചു.
400 ൽ അധികം അന്തേവാസികളുള്ള എസ് എസ് സമിതി അഭയകേന്ദ്രത്തിൽ ഇതുവരെ വീട് കണ്ടെത്താൻ കഴിയാത്ത അന്യ സംസ്ഥാനക്കാരായ അനേകം പേർ ഇപ്പോഴുമുണ്ട്. അവരുടെയെല്ലാം വീട് കണ്ടെത്താനുള്ള ശ്രമം തുടർന്നും ഉണ്ടാകുമെന്ന് എസ് എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ പറഞ്ഞു.