കൊല്ലം പുസ്തകോത്സവം നാളെ മുതൽ
1549224
Friday, May 9, 2025 6:59 AM IST
കൊല്ലം: ജില്ലാ ലൈബ്രറി വികസന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കൊല്ലം പുസ്തകോത്സവം നാളെ മുതൽ 13 വരെ കൊല്ലം ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് നടക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറു വരെയാണ് മേള.നാളെ രാവിലെ പത്തിന് എഴുത്തുകാരൻ വി.ഷിനിലാൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.
മേയർ ഹണി ബഞ്ചമിൻ ദീപം തെളിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയിൽ നിന്ന് മികച്ച വിജയം കൈവരിച്ചവരെയും സംസ്ഥാന വായന മത്സരത്തിൽ വിജയികളായവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ആദരിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.നാസർ മുഖ്യപ്രഭാഷണം നടത്തും.
11 ന് രാവിലെ പത്തിന് വി. സാംബശിവൻ സ്മാരക കഥാപ്രസംഗ മത്സരം കോർപറേഷൻ ഡെപ്യൂട്ടി മേയർ എസ്. ജയൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ തല സെമിനാർ എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മതേതരത്വം, വർഗീയത എന്ന വിഷയം അജിത് കൊളാടി അവതരിപ്പിക്കും.
വൈകുന്നേരം അഞ്ചിന് ഡോ. കെ.ബി. ശെൽവമണി എം.ടി. വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും.12 ന് രാവിലെ പത്തിന് നോവൽ സമീക്ഷ എന്ന സെമിനാറിൽ എസ്.ആർ. ലാൽ പ്രഭാഷണം നടത്തും. 11.30 ന് നടക്കുന്ന ചലച്ചിത്ര സെമിനാറിൽ ഡോ.എ .എസ്. പ്രതീഷ്, ഉമേഷ് ഓമനക്കുട്ടൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് പാറപ്പുറത്ത് ജന്മശതാബ്ദി അനുസ്മരണ സമ്മേളനത്തിൽ ഡോ. വള്ളിക്കാവ് മോഹൻദാസ്, പി.കെ.അനിൽ കുമാർ എന്നിവർ പ്രസംഗിക്കും.
13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുസ്തകോത്സവം സമാപിക്കും. കേരളത്തിലെ 100 ൽ അധികം പ്രസാധകർ പങ്കെടുക്കും. 112 സ്റ്റാളുകൾ ഉണ്ടായിരിക്കും.
ജില്ലയിലെ 860 ലൈബ്രറികൾക്ക് 2024-25 ൽ 1, 66,58,250 രൂപ പുസ്തക ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ 35 ശതമാനം കമ്മീഷൻ തുക കൂടി ഉൾപ്പെടുത്തി ഗ്രന്ഥശാലകൾക്ക് പുസ്തകം വാങ്ങാൻ അവസരം ലഭിക്കുമെന്ന് ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ഡോ. പി.കെ. ഗോപൻ, കെ.ബി.മുരളീകൃഷ്ണൻ, ഡി. സുകേശൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.