ഓപറേഷന് സിന്ദൂറിനെ രാജ്യം ഒന്നടങ്കം പിന്തുണയ്ക്കും: എന്‍.കെ.പ്രേമചന്ദ്രന് എംപി
1548942
Thursday, May 8, 2025 6:41 AM IST
കൊല്ലം : നിരപരാധികളെ നീചമായി കൊലചെയ്ത പഹല്‍ഗാമിലെ അതിര്‍ത്തി കടന്നുളള ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ ശക്തമായ തിരിച്ചടി ഓപറേഷന് സിന്ദൂറിനെ രാജ്യം ഒന്നടങ്കം പിന്തുണയ്ക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം പി.
ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും പരിശീലനം നല്കുന്ന പാകിസ്ഥാനിലെ കേന്ദ്രങ്ങള്‍ തെരഞ്ഞുപിടിച്ച് തകര്‍ത്ത ഇന്ത്യയുടെ നിലപാട് ആഗോളതലത്തില്‍ ഭീകരാക്രമണത്തിനെതിരെ പ്രഖ്യാപിച്ചിട്ടുളള നിലപാടിന്റെ ഭാഗമാണ്. ഭീകരവാദികളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യുവാന്‍ ബാധ്യതയുളള പാകിസ്ഥാന് അവരെ പ്രോത്സാഹിപ്പിക്കുകയും അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി നിരപരാധികളെ കൊല ചെയ്യുകയും ചെയ്തത് പൊറുക്കാനാവാത്ത ക്രൂരതയാണ്.
ഭീകരവാദികളെ എത്ര സുരക്ഷിത കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചാലും ഇന്ത്യയുടെ മണ്ണില്‍ നിന്നു കൊണ്ടു തന്നെ അതിനെ തകര്‍ക്കാനുളള ആര്‍ജവം രാജ്യത്തിനുണ്ടെന്നുളളത് വ്യക്തമാക്കുന്നതാണ് ഓപറേഷന് സിന്ദൂര്‍ എന്ന് എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു.
ഭീകരവാദത്തിനെതിരെ രാജ്യം സ്വീകരിക്കുന്ന പ്രതിരോധ പ്രത്യാക്രമണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതാപൂർവം ഒറ്റക്കെട്ടായി പങ്കാളികളാവുക എന്ന ദൗത്യമാണ് ഏറ്റെടുക്കേണ്ടത്.
യുദ്ധം പ്രശ്ന പരിഹാരമായി കാണുന്നില്ല. എങ്കിലും ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിച്ചു വരുന്ന പ്രതിരോധ പ്രത്യാക്രമണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരേണ്ടിവരുമെന്നുളളത് അനിവാര്യമാണ്. ഭീകരവാദത്തേയും അതിര്‍ത്തി കടന്നുളള തീവ്രവാദ പ്രവര്‍ത്തനങ്ങളെയും രാജ്യം വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഓപ്പറേഷന് സിന്ദൂര്‍ നല്‍കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.