സി-ക്യാമ്പ് എഎംആർ ചാലഞ്ചിൽ വിജയികളായി അമൃത വിശ്വവിദ്യാപീഠം
1549228
Friday, May 9, 2025 6:59 AM IST
അമൃതപുരി (കൊല്ലം): സി - ക്യാമ്പ് ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് ചാലഞ്ചിൽ അമൃത വിശ്വവിദ്യാപീഠത്തിനെ വിജയികളായി തെരഞ്ഞെടുത്തു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയാണ് സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ പ്ലാറ്റ്ഫോംസ് (സി - ക്യാമ്പ്) ഗ്ലോബൽ എ എം ആർ ഇന്നോവേഷൻ ഫണ്ടുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ വർഷത്തെ ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് ചാലഞ്ചിൽ വിജയികളായത്.
എ എം ആർ നിരീക്ഷണത്തിനായി അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ കാമ്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസുമായി ചേർന്ന് അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയിലെ ഡോ. ബിപിൻ നായരും സംഘവും വികസിപ്പിച്ചെടുത്ത പോയിന്റ് ഓഫ് ടെസ്റ്റിംഗ് എന്ന ഉപകരണത്തിനാണ് പുരസ്കാരം.
മൈക്രോഫ്ലൂയിഡിക് സാങ്കേതികവിദ്യ ലൈറ്റിക് ഫേജ് ഡിറ്റെക്ഷനുമായി സംയോജിപ്പിച്ച് നിർമിച്ചിരിക്കുന്ന ഉപകരണം രോഗകാരികളെ കുറഞ്ഞചെലവിൽ വേഗത്തിലും കൃത്യമായും തിരിച്ചറിയാനാണ് ഉപയോഗിക്കുന്നത്.
ആന്റി മൈക്രോബയൽ റെസിസ്റ്റൻസ് നേരിടുന്നതിനുള്ള നൂതന കണ്ടുപിടുത്തങ്ങൾ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ സംരംഭമായ സി - ക്യാമ്പ്, വർഷം തോറും നടത്തിവരുന്ന എ എം ആർ ചാലഞ്ചിൽ എ എം ആറിനെ ചെറുക്കുന്നതിനായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സ്ഥാപനങ്ങളെയാണ് വിജയികളായി തെരഞ്ഞെടുക്കുന്നത്.
ആഗോളതലത്തിൽ മത്സരിച്ച ഇരുന്നൂറിലധികം സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി ഈ വർഷത്തെ എ എം ആർ ചാലഞ്ചിൽ വിജയികളായത്.
പരിസ്ഥിതിയിലെ രോഗകാരികളെ വേഗത്തിൽ കണ്ടെത്തുന്നതിനായി ചെലവുകുറഞ്ഞതും കൃത്യതയുള്ളതുമായ ഒരു സംവിധാനം വികസിപ്പിക്കുന്നതിനുള്ള അമൃതയിലെ ഞങ്ങളുടെ ശ്രമങ്ങളെ ഈ അവാർഡിലൂടെ അംഗീകരിച്ചത് ഞങ്ങൾക്കൊരു പ്രചോദനമാണെന്ന് അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ നായർ പറഞ്ഞു.
കാൺപൂർ ഐഐടി, ലഖ്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഡിആർഐ) എന്നിവയുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങളിലൂടെ അമൃത സ്കൂൾ ഓഫ് ബയോടെക്നോളജിയെ എഎംആർ ഗവേഷണത്തിനുള്ള മികവിന്റെ കേന്ദ്രമായി ശാസ്ത്ര സാങ്കേതിക വകുപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്.