പുറ്റിംഗൽ കേസ്: കുറ്റപത്രം നൽകുന്നതിനുള്ള പ്രാഥമിക വാദം കേൾക്കൽ 22ന്
1548956
Thursday, May 8, 2025 6:54 AM IST
കൊല്ലം :പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിൽ 45 പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിനുള്ള പ്രാഥമിക വാദം കേൾക്കൽ 22ന് നടക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ റിപ്പോർട്ടുകളെല്ലാം പ്രത്യേക കോടതിയിലെത്തിയ സാഹചര്യത്തിലാണ് കുറ്റപത്രം നൽകുന്നതിനുള്ള വാദംകേൾക്കുന്നത്.
ഇതിനകം കേസ് വിചാരണ നടത്തുന്നതിനുള്ള സ്പെഷൽ കോടതി ജഡ്ജിയെ ഹൈക്കോടതി നിയമിക്കും. സ്പെഷൽ ജഡ്ജിയുടെ മുമ്പാകെയാകും തുടർ വിചാരണ നടപടികൾ. 59 പ്രതികളുള്ള കേസിൽ 13 പേർ മരിച്ചു.
അതിനിടെ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 30ാം പ്രതിയുടെ ജാമ്യക്കാർക്ക് പിഴത്തുകയിൽ 90,000രൂപ കഴിഞ്ഞ ദിവസം ഇളവ് നൽകിയിരുന്നു.
30ാം പ്രതി അടൂർ ഏറത്ത് രാജ്ഭവനിൽ അനുരാജിന്റെ ജാമ്യക്കാരായ കരുനാഗപ്പള്ളി മണപ്പള്ളി ഗോകുൽ ഭവനിൽ ഗോപിനാഥൻ, പെരുങ്കുഴി മല്ലപ്പാലം കൈലാസിൽ അജിത എന്നിവർക്കാണ് പ്രത്യേക കോടതിയുടെ ചുമതലയുള്ള നാലാം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി എസ് സുഭാഷ് ഇളവ് നൽകിയത്.
2016 ഏപ്രിൽ പത്തിന് പുലർച്ചെ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ 110 പേർ മരിച്ചതായാണ് കണക്ക്. 650-ൽ അധികൃതർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ .പി . ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.