വസ്തു വാങ്ങിയിട്ട് പതിനഞ്ചുവർഷം : പൊതുശ്മശാനം ഇന്നും സ്വപ്നങ്ങളിൽ
1548959
Thursday, May 8, 2025 6:59 AM IST
കുറ്റിച്ചൽ: സ്ഥലം വാങ്ങി, ജില്ലാ പഞ്ചായത്ത് ശ്രമങ്ങളും നടത്തി; പക്ഷേ കുറ്റിച്ചലിലെ പൊതുശ്മശാനം ഇന്നും സ്വപ്നം മാത്രമായി തുടരുന്നു. പഞ്ചായത്ത് പരിധിയിൽ ആരെങ്കിലും മരിച്ചാൽ ഇപ്പോഴും മൃതദേഹം സംസ്കരിക്കണമെങ്കിൽ വേറെ വഴി തേടണം.
കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂരിൽ ചിലന്തിക്കുഴിയിൽ 50 സെന്റ് ഭൂമി പൊതുശ്മശാനത്തിനായി പഞ്ചായത്ത് വാങ്ങിയിട്ടിട്ട് 15 വർഷത്തിലധികമായി. ചിലന്തിക്കുഴിയിലെ ഭൂമിയിലേക്കു വാഹനമെത്തുന്ന വഴിയില്ല എന്നതാണ് പ്രധാന പ്രശ്നം. ഇപ്പോഴുള്ള നടവഴിയിലൂടെ മൃതദേഹങ്ങൾ സംസ്കരിക്കാനായി എത്തിക്കണമെങ്കിൽ വളരെ ദൂരം ചുമക്കണം.
വഴിയോ, ചുറ്റുമതിലോ, അത്യാവശ്യ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ അടുത്തുള്ള ഒരു കോളനിക്കാരൊഴികെ മറ്റാരും ഇവിടേക്ക് മൃതദേഹവുമായി എത്താറില്ല. ചുറ്റുമതിൽ ഇല്ലാത്തതിനാൽ മൃതദേഹം സംസ്കരിച്ചുകഴിഞ്ഞാൽ കുഴിമാടങ്ങൾ കാട്ടുപന്നി നശിപ്പിക്കുന്നതും പതിവാണ്.
കുറ്റിച്ചൽ പഞ്ചായത്തിൽ ശ്മശാനം ഇല്ലാത്തതിനാൽ കോവിഡ് വ്യാപനകാലത്ത് വീട്ടുമുറ്റത്തും വീടിന്റെ ഭാഗം പൊളിച്ചും അയൽക്കാരന്റെ പറമ്പിലുമൊക്കെ ശവസംസ്കാരം നടത്തിയ സംഭവങ്ങളുമുണ്ടായിരുന്നു. പഞ്ചായത്തിന്റെ അവഗണനയാണ് പദ്ധതി നടപ്പാക്കാൻ വൈകുന്നതെന്ന് ആക്ഷേപുണ്ട്.
മാറനല്ലൂർ പഞ്ചായത്തിൽ നിലവിൽ ഒരു വൈദ്യുതിശ്മശാനമുണ്ട്. ഈ മാതൃകയിൽ ത്രിതല പഞ്ചായത്തുകളുടെയും സ്ഥലം എംഎൽഎയുടെയും ഫണ്ടുകൾ ഉപയോഗിച്ചാൽ വഴിയും മികച്ച സൗകര്യങ്ങളുമുള്ള ശ്മശാനം ഇവിടെ ഒരുക്കാനാകും. 2010ൽ ജില്ലാപഞ്ചായത്ത് ഇതിനായി ചില ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.
സമീപത്തെ പല പഞ്ചായത്തുകളിലും ശ്മശാനം ഒരുക്കാൻ ഭൂമി കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ഇവിടെ ഉള്ള ഭൂമി ഉപയോഗപ്പെടുത്താൻ ശ്രമം ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.