മലയോര ഹൈവേയിൽ മരംവീണു ഗതാഗതം മുടങ്ങി
1549226
Friday, May 9, 2025 6:59 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിന് സമീപം വർഷങ്ങൾ പഴക്കമുള്ള മാവിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. കുളത്തൂപ്പുഴ ടൗണിലുള്ള പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനോട് ചേർന്നുള്ള വൈദ്യുതി വകുപ്പിന്റെ ഉടമസ്ഥയിലുള്ള ഭൂമിയിലെ മാവാണ് കഴിഞ്ഞദിവസം വൻ ശബ്ദത്തോടെ ഒടിഞ്ഞ് റോഡിൽ വീണത്. വാഹനങ്ങൾ ഇല്ലാത്തത് വൻ അപകടം ഒഴിവാക്കി.
ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് മരത്തിന്റെ ശിഖരങ്ങൾ റോഡിന് കുറുകെ കിടക്കുന്നത് കണ്ടതും ഉടനെ തന്നെ കുളത്തപ്പുഴ പോലീസിലറിയിച്ചതും. പോലീസെത്തി അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും നാട്ടുകാരുടെ സഹായത്തോടെ സമാന്തരപാതയിലൂടെ കടത്തിവിട്ടു. മരച്ചില്ലകൾ പൂർണമായും മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.
മലയോര ഹൈവേയിൽ അപക ടാവസ്ഥയിൽ നിൽ ക്കുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനൊന്നും നടപടി ഉണ്ടായില്ല.റോഡ് സൈഡിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ ഒഴിവാക്കി നാട്ടുകാരുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.