സിവിൽ ഡിഫൻസ് മോക്ക്ഡ്രിൽ ജില്ലയിൽ വിജയം: കളക്ടർ
1548953
Thursday, May 8, 2025 6:54 AM IST
കൊല്ലം: ജില്ലയിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ വിജയകരമായി പൂർത്തിയാക്കി എന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ ജില്ലാ കളക്ടർ എൻ .ദേവീദാസ്. രാജ്യവ്യാപകമായി സംഘടിപ്പിച്ച സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ ഭാഗമായി വ്യോമാക്രമണം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു. വൈകുന്നേരം നാലിന് 30 സെക്കന്റ് ദൈർഘ്യമുള്ള അലേർട്ട് സൈറൺ മൂന്നു വട്ടം നീട്ടി ശബ്ദിച്ചതോടെയാണ് ആരംഭിച്ചത്.
സൈറൺ ശബ്ദിച്ചതോടെ ഓഫീസുകൾ, വീടുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. 4.28 ന് സുരക്ഷിതം (ഓൾ ക്ലിയർ) എന്ന സൈറൺ 30 സെക്കന്റ് മുഴങ്ങിയതോടെയാണ് ഡ്രിൽ അവസാനിച്ചത്.
പാരിപ്പള്ളി ഇന്ത്യൻ ഓയിൽ കോർപറേഷൻ എൽപിജി ബോട്ടിലിംഗ് പ്ലാന്റ്, ചവറ കെഎംഎം എൽ, തെന്മല ഡാം, ശാസ്താംകോട്ട ജല ശുദ്ധീകരണശാല, കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ, പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാൾ എന്നിവിടങ്ങളിൽ ബ്ലാക്ക് ഔട്ട്, എയർ റെയ്ഡ്, ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം, അഗ്നിശമനം ഉൾപ്പെടെയുള്ള ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ താത്കാലിക ആശുപത്രി സജ്ജീകരിക്കുകയും മരുന്നുകൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു. കൊല്ലം ജില്ലാ ആശുപത്രിയുടെ ടെറസിൽ റെഡ് ക്രോസ് ചിഹ്നം പതിപ്പിച്ചു. സിവിൽ ഡിഫൻസിന്റെ ഭാഗമായി നടത്തിയ മോക്ക് ഡ്രില്ലിൽ വിവിധ കേന്ദ്രങ്ങളിലായി 297 സിവിൽ ഡിഫൻസ്, ആപ്ദാ മിത്ര വോളന്റിയർമാർ പങ്കാളികളായി.
പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മോട്ടോർ വാഹനം കെഎസ്ഇബി, ജല അഥോറിറ്റി, കെ ഐ പി തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും 600-ൽ അധികം ഉദ്യോഗസ്ഥർ പങ്കാളികളായി. കെഎംഎംഎൽ, ഇന്ത്യൻ ഓയിൽ പ്ലാന്റ് സുരക്ഷാ വിഭാഗം ജീവനക്കാർ, ഹാം റേഡിയോ ഓപ്പറേറ്റർമാർ തുടങ്ങിയവരും ഡ്രില്ലിന്റെ ഭാഗമായി.
ആറ് താലൂക്ക് കേന്ദ്രങ്ങളിലും താലൂക്ക് ഇൻസിഡന്റ് റെസ്പോൺസ് ടീമുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ജില്ലാ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അടിയന്തര യോഗം ഇന്നലെ രാവിലെ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ ചേർന്നു. പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള അവബോധം നൽകുക, അത്തരം സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുക എന്നതുമാണ് സാധ്യമാക്കിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.