ഭവന നിർമാണ പദ്ധതിക്ക് മുൻതൂക്കവുമായി ചവറ പഞ്ചായത്ത് ബജറ്റ്
1533203
Saturday, March 15, 2025 6:38 AM IST
ചവറ: ഭവന നിർമാണ പദ്ധതിക്ക് പ്രാധാന്യം നൽകി ചവറ പഞ്ചായത്ത് ഭരണ സമതി ബജറ്റ് അവതരിപ്പിച്ചു. 537551526- രൂപ വരവും 533976476- രൂപ ചെലവും 3575050 രൂപ മിച്ചവും ഉള്ള ബജറ്റ് വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. സുരേഷ് കുമാർ അധ്യക്ഷനായി.
ചവറ ബസ് സ്റ്റാൻഡ് ആൻഡ് ഷോപ്പിംഗ് കോപ്ലക്സ്, ഇക്കോ ടൂറിസവും കുട്ടികളുടെ പാർക്കും എന്നീ പദ്ധതികൾ നടപ്പിലാക്കാനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഭവന പദ്ധതിക്ക് 10 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 10 കോടി, ശുചിത്വ മാലിന്യ നിർമാർജനത്തിന് 3.37 കോടിയും ആരോഗ്യ മേഖലക്ക് 13 കോടിയും വനിതാ ശിശു വികസനത്തിന് 1.48 കോടിയും വകയിരുത്തി. സ്ഥലവും കെട്ടിടവുമില്ലാത്ത രണ്ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തമായി വസ്തു വാങ്ങി നൽകി കെട്ടിടം നിർമിക്കും.
പശ്ചാത്തല സേവന ഉത്പാദന മേഖലകളെ പരിപോഷിപ്പിക്കും. സമ്പൂർണ കുടിവെള്ള പദ്ധതി, തൊഴിൽ നൈപുണ്യ പരിശീലന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, കൃഷി, മൃഗ സംരക്ഷണം, വിദ്യാഭ്യാസം എന്നിവക്കാവശ്യമായ തുകയും വകയിരുത്തി. ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി വി. മനോജ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.