വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്രക്ക് തുടക്കം
1533201
Saturday, March 15, 2025 6:38 AM IST
കുളത്തുപ്പുഴ: വൈഎംസിഎ പുനലൂർ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ഭാഗമായി യൂണിറ്റ് വൈഎംസിഎകളിൽ രൂപീകരിക്കുന്ന ജനകീയ കവചം - ജാഗ്രത സമിതി രൂപീകരണം ലക്ഷ്യമാക്കി ദ്വിദിന ലഹരി വിരുദ്ധ -സ്നേഹ സന്ദേശയാത്രയും യൂണിറ്റ് സന്ദർശനവും -ജനബോധൻ ഇന്നും നാളെയുമായി നടക്കും.
ഇന്ന് രാവിലെ കുളത്തൂപ്പുഴ വൈഎംസിഎ ഓഡിറ്റോറിയത്തിൽ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഉദ്ഘാടനം ചെയ്യും. ചണ്ണപ്പേട്ട, മണ്ണൂർ വൈഎംസിഎകളുടെ നേതൃത്വത്തിൽ ചണ്ണപ്പേട്ട ജംഗ്ഷനിൽ ലഹരിവിരുദ്ധ സദസ് നടക്കും.
തലവൂർ വൈഎംസിഎയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അഞ്ചൽ, കരവാളൂർ, പുനലൂർ, പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, കലയപുരം വൈഎംസിഎകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
ഒന്നാം ദിന പരിപാടികളുടെ സമാപന സമ്മേളനം റീജണൽ സെക്രട്ടറി ഡേവിഡ് ശാമുവേൽ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് ആയൂർ വൈഎംസിഎയിൽ നിന്നാരംഭിക്കുന്ന സന്ദേശ യാത്ര മാധ്യമ പ്രവർത്തകൻ സാജൻ വേളൂർ ഉദ്ഘാടനം ചെയ്യും. വാളകം, തലച്ചിറ, ചെങ്ങമനാട്, കരിക്കം യൂണിറ്റുകളിലെ സന്ദർശനത്തിനുശേഷം വൈകുന്നേരം കൊട്ടാരക്കര വൈഎംസിഎയിൽ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണ മേനോൻ നിർവഹിക്കും.
സബ് റീജിയനിലെ 20 യൂണിറ്റ് വൈഎംസിഎകളുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനമായി മേഖലയിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, മത നേതാക്കന്മാർ, പൊതുപ്രവർത്തകർ, നിയമപാലകർ, യുവജന ക്ലബ് തുടങ്ങിയവയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന ലഹരി വിരുദ്ധ ജനകീയ സദസ് സ്ഥിരം ജാഗ്രത സമിതികൾ - ലഹരിക്കെതിര ജനകീയ കവചം രൂപീകരിച്ചു ലഹരി വിരുദ്ധ കാമ്പയിനുകളിൽ പങ്കാളികളാകുമെന്ന് സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു, ജനറൽ കൺവീനർ ഷിബു. കെ. ജോർജ് എന്നിവർ അറിയിച്ചു.