യാത്രക്കാർക്കു ഭീഷണിയായി ഒടിഞ്ഞ മരച്ചില്ല
1533195
Saturday, March 15, 2025 6:37 AM IST
കുളത്തൂപ്പുഴ: റോഡിനു മുകളിലെ മരത്തിൽ ഒടിഞ്ഞു തൂങ്ങികിടക്കുന്ന മരച്ചില്ല കാല്‍നട യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. കുളത്തൂപ്പുഴ - വില്ലുമല പാതയില്‍ അമ്പതേക്കര്‍ പാലത്തിനു സമീപം വലിയ വളവിലാണ് കൂറ്റന്‍ മരച്ചില്ല തൂങ്ങിക്കിടക്കുന്നത്.
ഏതാനും ദിവസം മുമ്പ് കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച കാറ്റില്‍ പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി. അതോടൊപ്പം ചില്ലകളും ശിഖരങ്ങളും ഒടിഞ്ഞു കാറ്റില്‍ പറക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ ഒടിഞ്ഞു പറന്നെത്തിയ ശിഖരമാണ് മരങ്ങളുടെ ചില്ലകളില്‍ കുടുങ്ങി കിടക്കുന്നത്. വനം വകുപ്പ് സെന്‍ട്രല്‍ നഴ്സറി വിഭാഗം പരീക്ഷണാടിസ്ഥാനത്തില്‍ നട്ടു വളര്‍ത്തുന്ന അക്കേഷ്യാ മരങ്ങളിലാണ് ചില്ല കുടുങ്ങിയിരിക്കുന്നത്.
ചില്ലയുടെ കൂര്‍ത്ത അഗ്ര ഭാഗം താഴേക്ക് തൂങ്ങിയാടുകയാണ്. ശിഖരത്തിന്റെ ചെറുചില്ലകള്‍ വേനലില്‍ ഉണങ്ങിയതോടെ കാറ്റു ശക്തമായി വീശിയാല്‍ ഏതു നിമിഷവും താഴേക്കു പതിക്കാവുന്ന നിലയിലാണ്. വൈദ്യുതി ലൈനുകള്‍ക്കു മുകളില്‍ വളരെ ഉയരത്തിലാണ് മരച്ചില്ല കിടക്കുന്നത്. താഴെ നിന്ന് തോട്ടിക്ക് വലിച്ചിടാന്‍ കഴിയാത്ത അവസ്ഥയാണ്.
ദിവസേന വിദ്യാര്‍ഥികളും ജോലിക്കാരും നാട്ടുകാരുമായി നൂറു കണക്കിനു പേരാണ് ഇതുവഴി കാല്‍നടയായും വാഹനങ്ങളിലും യാത്ര ചെയ്യുന്നത്. മരച്ചില്ല നീക്കം ചെയ്ത് യാത്രികരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി വനം വകുപ്പ്, പഞ്ചായത്ത് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.