ആഴക്കടൽ മണൽ ഖനനത്തിനെതിരെ സിപിഐ ഹാർബർ മാർച്ച് ഇന്ന്
1533194
Saturday, March 15, 2025 6:31 AM IST
കൊല്ലം: ആഴക്കടൽ മണൽ ഖനനത്തിനെതിരെ സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന മാർച്ച് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
ആഴക്കടൽ മണൽ ഖനനം മൂലം പരിസ്ഥിതി, സമുദ്ര പരിസരം, മത്സ്യത്തൊഴിലാളികളുടെ ജീവിതം എന്നിവയ്ക്ക് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ മുൻനിർത്തിയാണ് സിപിഐ പ്രതിഷേധം.
പരിസ്ഥിതി സംരക്ഷണം പ്രാധാന്യമർഹിക്കുന്നതാണെന്നും സമുദ്രത്തോട് ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കപ്പെടണമെന്നും സിപിഐ ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുന്നത് രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.
വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം കേന്ദ്രസർക്കാരിന്റെ സർവതും സ്വകാര്യ മുതലാളിമാരുടെ കൈയിലെത്തിക്കുന്ന കോർപ്പറേറ്റ് പ്രീണന നയത്തിന്റെ ഉദാഹരണമാണ്.
വലിയ ദുരന്തത്തിന് വഴിവയ്ക്കുന്ന അനുമതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുന്നതുവരെ ഇതിനെതിരെ ബഹുജന പ്രക്ഷോഭങ്ങൾക്ക് ജില്ലയിൽ സിപിഐ നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എംഎൽഎ പറഞ്ഞു.