മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ : വിജിലൻസ് സ്ക്വാഡ് പന്മനയിൽ പരിശോധന നടത്തി
1533191
Saturday, March 15, 2025 6:31 AM IST
ചവറ: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിനോട് അനുബന്ധിച്ച് മാലിന്യമുക്ത വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ടീം പന്മന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.
മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, വ്യാപാരസ്ഥാപനങ്ങളുടെ വൃത്തിഹീനമായ പരിസരം, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിപണനം ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകാതിരിക്കൽ എന്നിങ്ങനെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിപണനം നടത്തിയ ഇടപ്പള്ളികോട്ട, പുത്തൻചന്ത, വലിയത്ത് മുക്ക് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ആശുപത്രി മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും കത്തിക്കുകയും ചെയ്ത പുത്തൻചന്തയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ നടപടി സ്വീകരിച്ചു. മാലിന്യങ്ങൾ സ്കൂൾ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പനയന്നാർ കാവിലെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടിക്ക് ശിപാർശ ചെയ്തു.
ശങ്കര മംഗലത്ത് സ്ഥിതി ചെയ്യുന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ സഹകരണ സംഘത്തിന് എതിരെയും നിയമ നടപടി സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ എ. ഫൈസലിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ പന്മന പഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ്, ജൂണിയർ സൂപ്രണ്ട് ലസിത, വിജിലൻസ് ടീം അംഗം സജി, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശാരിക എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റു സ്ഥലങ്ങളിലും പൊതുഇടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചു.