വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി
1533186
Saturday, March 15, 2025 6:31 AM IST
കുന്നിക്കോട് : ആഹാരം കഴിക്കാത്തതിന് അമ്മയുമായി പിണങ്ങി വീട് വിട്ടിറങ്ങിയ 13 കാരിയെ പോലീസ് മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുന്നിക്കോട് കുളപ്പുറത്തുള്ള പെൺ കുട്ടി വ്യാഴാഴ്ച പുലർച്ചെയാണ് ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടി കയറിയത്.
കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ കേസെടുത്ത് കുന്നിക്കോട് പോലീസ് എല്ലാ സ്റ്റേഷനുകളിലേക്കും അറിയിപ്പ് നൽകി തിരച്ചിൽ തുടങ്ങി .തിരൂർ റെയിൽവേ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ പരിചിതയായ ഷംസീല എന്ന യുവ ഡോക്ടറിന്റെ സമയോചിത ഇടപെടലിൽ പെൺകുട്ടി വീട്ടുകാരുമായി ബന്ധപ്പെടുമ്പോഴേക്കും തിരൂർ പോലിസ് കുട്ടിയെ കണ്ടെത്തി.
സഹോദരൻ പഠിക്കുന്ന സ്കൂളിൽ അമ്മയുമൊത്ത് വന്ന പരിചയത്തിൽ വണ്ടി കയറിയെന്നാണ് പെൺകുട്ടി പറഞ്ഞത്. കുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.