പുനലൂർ താലൂക്ക് ആശുപത്രി : എച്ച്എംസി യോഗം യുഡിഎഫ് ബഹിഷ്കരിച്ചു
1533185
Saturday, March 15, 2025 6:31 AM IST
പുനലൂർ: താലൂക്ക് ആശുപത്രിയെ പുനലൂർ എംഎൽഎയും നഗരസഭാ നേതൃത്വവും ചേർന്ന് തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ എച്ച്എംസി യോഗം ബഹിഷ്കരിച്ചു.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയെ നോക്കുകുത്തിയാക്കി എംഎൽഎയും നഗരസഭയുടെ നേതൃത്വത്തിലുള്ള ചിലയാളുകളും ചേർന്ന് നടത്തുന്ന അനധികൃത ഇടപാടുകളും അഴിമതിയും അവസാനിപ്പിക്കും വരെ എച്ച്എംസി യോഗങ്ങൾ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചതായി യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.
രണകക്ഷിയിൽപ്പെട്ടവരെ താൽക്കാലിക ജോലി നൽകി സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ് താലൂക്ക് ആശുപത്രി ഉപയോഗിക്കുന്നത്.സമീപ കാലത്ത് പുനലൂർ പട്ടണത്തിൽ നിന്ന് ലഹരി കേസുകളിലും ലോട്ടറി തട്ടിപ്പ് കേസുകളിലും പിടികൂടിയ ചിലരെ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.
താലൂക്ക് ആശുപത്രിയിലെ മോഷണം കൈയോടെ പിടിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടും പ്രതികളെ സംരക്ഷിക്കുകയും, പ്രതികളെ പിടികൂടിയ ലേ-സെക്രട്ടറി അടക്കമുള്ളവരെ സ്ഥലം മാറ്റുകയുമാണ് ചെയ്തത്. മോഷണ കേസിൽ പെട്ടവരെയും ക്രിമിനൽ കേസിൽ പെട്ടവരെയും ഒഴിവാക്കി നിർത്തണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.
പരാതി ഉണ്ടെങ്കിൽ എഴുതി നൽകാനാണ് എംഎൽഎ നിർദേശിച്ചത്. രണ്ടുമാസത്തിലൊരിക്കൽ ആശുപത്രി വികസന സമിതി യോഗം കൂടണമെന്നിരിക്കെ, ഏഴു മാസം പിന്നിട്ടശേഷമാണ് യോഗം കൂടിയത്. ഈ കാലയളവിൽ ലക്ഷക്കണക്കിന് രൂപയുടെ വരവ് ചെലവ് കണക്കുകൾ സാധൂകരിക്കാനാണ് യോഗം ചേർന്നതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
മൂന്നുമാസത്തിനിടയിൽ ലാബ് ടെസ്റ്റുകളിൽ നിന്നും സ്കാൻ സെന്ററിൽ നിന്നും എട്ടു ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടുപിടിച്ചതായി അവർ ആരോപിച്ചു. റിസപ്ഷനിലെ താത്കാലിക ജീവനക്കാരിയെ ഒഴിവാക്കി കുറ്റമെല്ലാം അവരുടെമേൽ ചാരിയിരിക്കുകയാണ്.
നഴ്സിംഗ് സൂപ്രണ്ട് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വെട്ടിപ്പ് സ്ഥിരമായി നടത്തുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. നിയമന ഉത്തരവ് പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചിട്ടും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവു നികത്തപ്പെടുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു.
ലാബ് ടെസ്റ്റുകൾക്ക് ഉയർന്ന ഫീസ് ഈടാക്കുകയാണ്. ഇതുമൂലം പലരും പുറത്തെ ലാബുകളിലേക്ക് പോകുന്നു. ചില സ്വകാര്യ ലാബുകളെ സംരക്ഷിക്കാനാണ് ഉയർന്ന നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആറുമാസത്തിനിടെ നടത്തിയ അനധികൃത താത്കാലിക നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും എച്ച്എംസി അംഗങ്ങൾ ആവശ്യപ്പെട്ടു.
ഇക്കാര്യം മുൻനിർത്തി ആശുപത്രിക്ക് മുന്നിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ആശുപത്രി വികസന സമിതി അംഗവുമായ സി. വിജയകുമാർ, അംഗങ്ങളായ ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റാർസി രത്നാകരൻ, ആർഎസ്പി ലോക്കൽ കമ്മറ്റി സെക്രട്ടറി അഷോർ നെല്ലപ്പള്ളി, ആർഎംപി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.