നാടിന് അഭിമാനമായി റസ്ലിംഗില്‍ സ്വര്‍ണം മെഡല്‍ നേടിയ സഹോദരങ്ങള്‍
1515278
Tuesday, February 18, 2025 2:20 AM IST
അഞ്ചല്‍: ഇന്റര്‍ യൂണിവേഴ്സിറ്റി റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ എസ്.ആദിത്യനും വെങ്കല മെഡൽ നേടിയ ആദിശേഷനും ഏരൂര്‍ നാടിന് അഭിമാനമാകുന്നു. ഏഴു വർഷമായി പാലക്കാട് സ്പോർട്സ് കൗൺസിൽ കോച്ചായ ബോബനാണ് സഹോദരങ്ങളായ ആദിത്യനേയും ആദിശേഷനേയും പരിശീലിപ്പിക്കുന്നത്.
പാലക്കാട് വിക്ടോറിയ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ആദിത്യൻ. അഞ്ചോളം നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. 65 കിലോ വിഭാഗത്തില്‍ സംസ്ഥാന ജൂണിയര്‍ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ, സ്റ്റേറ്റ് സീനിയർ ചാമ്പ്യൻഷിപ്പില്‍ വെങ്കലം, മൂന്നു തവണ സംസ്ഥാന അണ്ടർ 23 ചാന്പ്യന് ഷിപ്പില്‍ സ്വര്‍ണമെഡൽ, രണ്ട് തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ തുടങ്ങി റസ്ലിംഗിൽ നിരവധി ചാമ്പ്യൻഷിപ്പുകളിലാണ് ആദിത്യൻ മെഡല്‍ വാരിക്കൂട്ടിയത്. ജ്യേഷ്ഠന് പിന്നാലെ അനുജനും റസ്ലിംഗ് രംഗത്ത് പിടിമുറുക്കുകയാണ്. ജ്യേഷ്ഠന്റെ പരിശീലനത്തിൽ താൽപര്യം തോന്നി റസ്ലിംഗിലേക്കിറങ്ങിയ അനുജന് ആദിശേഷന് ഇന്റർ യൂണിവേഴ്സിറ്റി റസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡല്‍ നേടി.
പാലക്കാട് വിക്ടോറിയ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ആദിശേഷൻ. ഏരൂരിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന പിതാവ് സുരേഷ് മക്കൾക്ക് പ്രചോദനവുമായി കൂടെയുണ്ട്. നാട്ടിൽ റസ്ലിംഗിൽ കൃത്യമായ പരിശീലനം ലഭ്യമാക്കാനുള്ള കേന്ദ്രം സ്വന്തം നാട്ടിൽ ഒരുക്കണമെന്നാണ് സഹോദരങ്ങളുടെ ആഗ്രഹം. മെഡല്‍ വേട്ടയില്‍ അഭിമാന നേട്ടം കൈവരിച്ച സഹോദരങ്ങള്‍ക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍.