അഭിഭാഷകന് രക്ഷകരായ ഐടിഐ വിദ്യാർഥികളെ ആദരിച്ചു
1515277
Tuesday, February 18, 2025 2:20 AM IST
ചവറ: ദേശീയ പാതയിൽ ഡൈവിംഗിനിടയിൽ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞ് വീണ അഭിഭാഷകന് രക്ഷകരായ ഐടിഐ വിദ്യാർഥികൾക്ക് അനുമോദനം നൽകി.
നിയന്ത്രണം വിട്ട കാർ ചവറ എൻഎസ്എൻഎസ് എംഐടിഐയ്ക്ക് മുന്നിൽ നിന്ന ഉടനെ മെക്കാനിക്കൽ ഡീസൽ ട്രെയിനികളായ മുഹമ്മദ് അഫ്സൽ, ഷംനാദ്, വിഷ്ണു വിനോദ്, ആദിൽ എന്നിവർ തിരുവനന്തപുരം ബാറിലെ അഭിഭാഷകനായ പ്രകാശ് പി. കുറുപ്പിനെ പ്രഥമ ശുശ്രൂഷ നൽകി ചവറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കൊല്ലത്ത് വിദഗ്ധ ചികിൽസ ലഭ്യമാക്കുകയും ചെയ്തു.
ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ ട്രെയിനികൾക്ക് ഐടിഐയിൽ ആദരവ് നൽകി. സമ്മേളനം മുൻ മന്ത്രിയും ഐടിഐ ചെയർമാനുമായ ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.കെ. സുകുമാരൻ അധ്യക്ഷനായി. സോഫിയ സലാം, ജസ്റ്റിൻ ജോൺ, ഐ. ജയലക്ഷ്മി, പ്രകാശ് പി. കുറുപ്പ് വി. പത്മജൻ നായർ,ആർ. അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.