കെഎസ്ആർടിസി കൊല്ലം ഡിപ്പോയുടെ കെട്ടിടത്തിന് രൂപരേഖയായി
1515275
Tuesday, February 18, 2025 2:20 AM IST
കൊല്ലം: കെഎസ്ആർടിസി കൊല്ലം ഡിപ്പോക്കായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പദ്ധതി രൂപരേഖ തയാറായി. ഡിപ്പോ കെട്ടിടത്തിന്റെ അന്തിമ പദ്ധതി രൂപരേഖ പൂർത്തീകരിച്ച് അംഗീകാരത്തിനായി കെഎസ്ആർടിസിക്കും സർക്കാറിനും നൽകി. ഒരു വർഷത്തിനുള്ളിൽ ഡിപ്പോ ഭാഗികമായി യാഥാർഥ്യമാകുമെന്ന് എം .മുകേഷ് എംഎൽഎ പറഞ്ഞു.
2024-25 സാമ്പത്തിക വർഷങ്ങളിലെ നിയോജക മണ്ഡല ആസ്തി വികസന നിധിയിൽ നിന്ന് ഏഴ് കോടി വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആർടിസി ഓഫീസും ഡിപ്പോയും താലൂക്ക് ഓഫീസ് ജംഗ്ഷനിലേക്ക് മാറ്റുന്നതാണ് പദ്ധതി. നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. നേരത്തെ തയാറാക്കിയ പദ്ധതി മാറ്റിവച്ചാണ് പുതിയ പദ്ധതി തയാറാക്കിയത്.
കെഎസ്ആർടിസിയുടെ കാന്റീൻ പ്രവർത്തിക്കുന്ന സ്ഥലത്ത് മൂന്ന് നില കെട്ടിടം നിർമിച്ച് ഓഫീസ് അവിടേക്കു മാറ്റുകയും നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്കു ഡിപ്പോ മാറ്റാനും ആയിരുന്നു നേരത്തെ എട്ടുകോടി ചെലവിട്ട് ലക്ഷ്യമിട്ട പദ്ധതി. ഇതിനു പകരമായാണ് ഓഫിസ്, ഡിപ്പോ, ഗാരേജ് ഉൾപ്പെടെ മുഴുവൻ സംവിധാനവും താലൂക്ക് ഓഫീസ് ജംഗ്ഷനിൽ നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ഇത്. 16 കോടി രൂപയാണ് ഇതിനായി മൊത്തം ചെലവ് വരുന്നത്.
അഷ്ടമുടിക്കായൽ തീരത്ത് ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനു വേണ്ടി കാന്റീൻ നിൽക്കുന്ന സ്ഥലം കൂടി കിഫ്ബി ആവശ്യപ്പെട്ടിരുന്നു.
നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് ഡിപ്പോ മാറ്റുമ്പോൾ, ഗാരേജിനു മതിയായ സ്ഥലം ലഭിക്കാതെയാകുമെന്ന പരാതിക്കും പരിഹാരം കണ്ടിട്ടുണ്ട്. ഡിപ്പോയിൽ 103 ബസ് ഉണ്ട്. ലിങ്ക് റോഡിലും മറ്റുമാണ് ബസ് പാർക്ക് ചെയ്യുന്നത്. സ്ഥല പരിമിതി പരിഹരിക്കാൻ ഗാരേജ് ചാത്തന്നൂരിലേക്ക് മാറ്റാനായിരുന്നു ആദ്യ തീരുമാനം. ഗാരേജ് 1.73 ഏക്കർ സ്ഥലത്താണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിപ്പോയാണ് കൊല്ലത്ത് ലക്ഷ്യമിടുന്നത്. രണ്ടുനില കെട്ടിടം നിർമിച്ച് താഴെ ഗാരേജും മുകളിൽ ഓഫീസും ഡിപ്പോയും പ്രവർത്തിപ്പിക്കും. കോഫി ഷോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിടൊപ്പം ഉണ്ടാവും. താഴത്തെ നില പൂർണമായി ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഗാരേജ് ചാത്തന്നൂരിലേക്കു മാറ്റുന്നത് ഇതോടെ ഒഴിവാക്കാൻ കഴിയും.
താലൂക്ക് ഓഫീസ് ജംഗ്ഷന്റെ വികസനവും ഇതോടൊപ്പം നടപ്പിലാക്കും. എം. മുകേഷ് എംഎൽഎയാണ് പദ്ധതിക്ക് മുൻകൈ എടുത്ത് മുന്നിലുള്ളത്. കാന്റീൻ കെട്ടിടം നിൽക്കുന്ന 18 സെന്റ് വസ്തു ഉൾപ്പെടെ നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്ത് വിനോദ സഞ്ചാര വികസന പദ്ധതിയാണ് നടപ്പിലാക്കുക. ഇതിനു മുന്നിലാണ് ഹൗസ് ബോട്ടുകൾക്കുള്ള അരീനയും ജലഗതാഗത വകുപ്പിന്റ ബോട്ട് ജെട്ടിയും ഉണ്ടാവുക.
അജി വള്ളിക്കീഴ്