നുണകൾ തിരിച്ചറിയാനുള്ള ശേഷി തരൂരിന് നഷ്ടപ്പെട്ടു: ഷിബു ബേബി ജോൺ
1515273
Tuesday, February 18, 2025 2:20 AM IST
കൊല്ലം: മോദിയും പിണറായിയും പ്രചരിപ്പിക്കുന്ന നുണകൾ തിരിച്ചറിയാനുള്ള ശേഷി ശശി തരൂരിന് നഷ്ടപ്പെട്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ആർഎസ്പി നേതാവ് ആർ. എസ്. ഉണ്ണി അനുസ്മരണം രാമൻകുളങ്ങര കോമോസ് ഗ്രൗണ്ടിലെ സ്മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര വിദഗ്ധരും സാധാരണക്കാരും ഒരു പോലെ അപലപിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ കൈകാര്യം ചെയ്ത അമേരിക്കൻ രീതി തരൂർ വിസ്മരിച്ചത് എന്താണെന്ന് അദ്ദേഹം ചോദിച്ചു.
വ്യവസായ രംഗമുൾപ്പെടെയുള്ള സർവമേഖലയിലും പുതിയതായി ഒന്നും അടയാളപ്പെടുത്താനില്ലാത്ത സർക്കാരാണ് പിണറായിയുടെത്. പിആർ ഏജൻസികളുടെ സഹായത്തോടെ പ്രചരിപ്പിക്കുന്ന നുണകൾ ഏതു ഭാഷയിൽ പ്രസിദ്ധീകരിപ്പിച്ചാലും മലയാളികൾ വിശ്വസിക്കില്ല. വ്യാപകമായി നേരിട്ട് പണപ്പിരിവ് നടത്തുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി ചിഹ്നത്തിലും മുന്നണി സംവിധാനത്തിലും മത്സരിക്കുന്ന ജനപ്രതിനിധികൾ പാർട്ടി മുന്നണി പ്രവർത്തകരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുകയാണ് പ്രാഥമിക ഉത്തരവാദിത്തമെന്ന് അനുസ്മരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. മുൻ മന്ത്രി മന്ത്രി ബാബു ദിവാകരൻ അധ്യക്ഷത വഹിച്ചു. എ.എ. അസീസ്, കെ.എസ്. വേണുഗോപാൽ, ടി.സി. വിജയൻ, ഇടവനശേരി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.