കൊട്ടാരക്കര തമ്പുരാന് സ്മാരകം നിർമിക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
1515272
Tuesday, February 18, 2025 2:20 AM IST
കൊട്ടാരക്കര: കഥകളിയുടെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാന്റെ പേരിൽ താമസിയാതെ കഥകളി പഠന കേന്ദ്രവും മ്യൂസിയവും കൊട്ടാരക്കരയിൽ സ്ഥാപിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിന്റെ 23ാംവാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്മാരകത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂന്നുകോടി ചെലവഴിച്ച് സമുച്ചയം നിർമിക്കും. കൊട്ടാരക്കരയെ കഥകളിയുടെ കേന്ദ്ര മാക്കിമാറ്റുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി പുരസ്കാരം കഥകളി സംഗീതജ്ഞൻ പരിമണം മധുവിന് നൽകി. കലോത്സവ പ്രതിഭകൾക്ക് ഉപഹാരം നൽകി.
ചെയർമാൻ പി. ഹരികുമാർ, ജനറൽ സെക്രട്ടറി അഡ്വ. എൻ. സതീഷ് ചന്ദ്രൻ, റിട്ട.ഡെപ്യൂട്ടി കളക്ടർ ബി. അനിൽകുമാർ, കുടവട്ടൂർ വിശ്വം, ഉപദേശക സമിതി പ്രസിഡന്റ് വി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൃത്തോത്സവം നടന്നു.