എംപി ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു
1515271
Tuesday, February 18, 2025 2:20 AM IST
കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു.
വികസനവുമായി ബന്ധപ്പെട്ട് നല്കുന്ന പ്രൊപ്പോസലുകളുടെ എസ്റ്റിമേറ്റ് സമയബന്ധിതമായി ലഭിക്കുന്നതിലെ കാലതാമസം കാരണം പുതിയ സാങ്കേതിക സംവിധാനമായ ഇ-സാക്ഷി പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ബില്ല് സബ്മിറ്റ് ചെയ്യുന്നത് കാരണം ചെലവുകളുടെ റിപ്പോർട്ടിൽ ഗണ്യമായ കുറവുണ്ടാകുന്നത് പദ്ധതികളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നതായും എംപി പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് ഉദ്യോഗസ്ഥരുടെ സജീവ ഇടപെടലും നേതൃപരമായ പ്രവര്‍ത്തനവും വേണമെന്നും പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ആശ്രാമം കെടിഡിസി അക്വാലാന്‍ഡില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ.ആമിന, അഡ്വ. സുരേഷ് ബാബു, ജില്ലാ അസി. പ്ലാനിംഗ് ഓഫീസര്‍ വി. മിനിമോള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.