പുറ്റിംഗൽ കേസിലെ പ്രതികളുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം
1515267
Tuesday, February 18, 2025 2:20 AM IST
കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസിൽ പ്രതികളായി മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശം.
14 പ്രതികൾ മരിച്ചിട്ടുണ്ട്. ഇവരുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷ് നിദേശിച്ചത്.കേസ് ഇന്നലെ പരിഗണിച്ചപ്പോൾ 12 പ്രതികൾ അവധിക്ക് അപേക്ഷ നൽകി. കേസിൽ ആകെ 59 പ്രതികളാണ് ഉള്ളത്. അവധിക്ക് അപേക്ഷിച്ചവർ ഒഴികെ ബാക്കിയുള്ള എല്ലാ പ്രതികളും ഇന്നലെ ഹാജരായി.
30-ാം പ്രതി അടൂർ ഏറം സ്വദേശി അനുരാജിനെ വാറണ്ടിൽ ലഭിച്ചിട്ടില്ല. ഇയാൾക്ക് എതിരേ വാറണ്ട് ഇപ്പോഴും നിലനിൽക്കുകയാണ്.
ഇയാൾക്ക് വേണ്ടി കോടതിയിൽ ജാമ്യം നിന്നവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിന് അഭിഭാഷകൻ സാവകാശം ആവശ്യപ്പെട്ടു. കേസ് ഇനി മാർച്ച് ഒന്നിന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ കെ.പി. ജബാർ, അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
2016 ഏപ്രിൽ പത്തിനാണ് പരവൂർ പുറ്റിംഗൽ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് ദുരന്തം ഉണ്ടായത്. സ്ഫോടനത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.