കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് മൂന്നു മുതല്‍
1515266
Tuesday, February 18, 2025 2:20 AM IST
കൊല്ലം: ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ ചരിത്രം, വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും.
20,000 ചതുരശ്ര അടിയിലുള്ള പ്രദര്‍ശന വിപണന നഗരിയില്‍ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കൊമേഴ്സ്യല്‍ സ്റ്റാളുകള്‍, പുസ്തക മേള തുടങ്ങിയവ ഉണ്ടാകും. വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. 1,500 ചതുരശ്ര അടിയിലുള്ള തീം പവലിയന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ എഡിഎം ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍,തുടങ്ങിയവര്‍ പങ്കെടുത്തു.