കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ വിചാരണ ഇന്നുമുതൽ
1377693
Tuesday, December 12, 2023 12:13 AM IST
കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ ഇന്ന് മുതൽ കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് മുമ്പാകെ വിചാരണ ആരംഭിക്കും.
2021 ജനുവരി അഞ്ചിന് പുലർച്ചെയാണ് ജനിച്ച് അധികസമയം ആകാത്ത ആൺകുഞ്ഞിനെ അവശനിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്തനിലയിലായിരുന്നു കുഞ്ഞ്. ഈ കേസിലെ പ്രതിയായ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയുടെ വീടിന്റെ പിന്നിലെ റബർ തോട്ടത്തിലെ കരിയില കൂട്ടത്തിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം ഗവ.മെഡിക്കൽ ആശുപത്രിയിലും തിരുവനന്തപുരം എസ്എടി ആശുപത്രിയിലും നവജാതശിശുവിനെ പ്രവേശിപ്പിച്ചെങ്കിലും അന്നേ ദിവസം വൈകുന്നേരം എസ്എടി ആശുപത്രിയിൽ കുഞ്ഞ് മരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടെതാണെന്ന് തിരിച്ചറിയുന്നത്.
മരിച്ചു പോകണമെന്ന ഉദ്ദേശത്തോടെ നവജാതശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രേഷ്മക്കെതിരെ ചുമത്തിയിട്ടുള്ളത്. രേഷ്മയുടെ ഭർത്താവ് വിഷ്ണു ഉൾപ്പടെ 54 സാക്ഷികൾ ഉള്ള കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ സിസിൻ. ജി. മുണ്ടയ്ക്കൽ, ചേതന. റ്റി. കർമ്മ എന്നിവർ ഹാജരാകും. കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത് പാരിപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ. അനീസ, ജി.ജയിംസ്, ഇൻസ്പെക്ടർമാരായ എസ്. രൂപേഷ് രാജ്, സതികുമാർ.റ്റി., അൽജബാർ.എ എന്നിവർ അടങ്ങുന്ന പ്രത്യേക ടീമായിരുന്നു.
വിഷ്ണു- രേഷ്മ ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. രണ്ടാമത് ഒരു കുഞ്ഞ് കൂടി ഉണ്ടെങ്കിൽ സ്വീകരിക്കാനാവില്ലെന്ന് ഫേസ് ബുക്കിലൂടെ മാത്രം ചാറ്റ് നടത്തിയിരുന്ന കാമുകൻ പറഞ്ഞതിനാലാണ് വീണ്ടും ഗർഭിണിയായ വിവരവും പ്രസവിച്ചതും ആരെയും അറിയിക്കാതെയിരുന്നത്. 2021 ജനുവരി നാലിന് രാത്രി ഒമ്പതോടെ വീടിന് പുറത്തുള്ള കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ച രേഷ്മ പൊക്കിൾ കൊടി പോലും മുറിച്ചു മാറ്റാതെ കുഞ്ഞിനെ കുളിമുറിക്കു സമീപത്തെ റബർ തോട്ടത്തിലെ കരിയിലകൾ കൂട്ടിയിടുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം പ്രസവിച്ച കുളിമുറി കഴുകി വൃത്തിയാക്കി ഭർത്താവിനോടൊപ്പം കിടന്നുറങ്ങുകയും ചെയ്തു.
കുഞ്ഞിനെ ഉപേക്ഷിച്ച ശേഷവും നാട്ടുകാരോടും പോലീസുകാരോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടൽ, പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ത്രീകളുടെ രക്തസാമ്പിൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധന യിലാണ് കുഞ്ഞ് രേഷ്മയുടെതാണെന്ന് കണ്ടെത്തിയത്. ഫേയ്സ്ബുക്കിലൂടെ മാത്രം സംസാരിച്ചിട്ടുള്ള കാമുകനോടൊപ്പം ജീവിക്കാനായിരുന്നു കൊല്ലപ്പെടണമെന്ന ഉദ്ദേശ ത്തോടെ ആരും അറിയാതെ പ്രസവിച്ചശേഷം രേഷ്മ നവജാതശിശുവിനെ ഉപേക്ഷിച്ചത്.
എന്നാൽ ഫേയ്സ്ബുക്കിലൂടെ കാമുകൻ എന്ന പേരിൽ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത് രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരി പുത്രി ഗ്രീഷ്മയുമായിരുന്നു. രേഷ്മയുടെ അറസ്റ്റിനെ തുടർന്ന് ഇവർ രണ്ട് പേരും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.