നവകേരള സദസിനായി ഫണ്ട്; പഞ്ചായത്ത് കമ്മിറ്റി മുടങ്ങി
1377691
Tuesday, December 12, 2023 12:13 AM IST
ചാത്തന്നൂർ : നവ കേരള സദസിനായി അൻപതിനായിരം രൂപ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കൊടുക്കണമെന്ന പ്രമേയം പഞ്ചായത്ത് കമ്മിറ്റിയിൽ വീണ്ടും കൊണ്ട് വന്നതിനെതിരെ ബിജെപി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. പിന്നീട് പഞ്ചായത്ത് കമ്മിറ്റി ഹാൾ ഉപരോധിച്ചത്. പ്രമേയം ചർച്ച ചെയ്യാൻ പോലും കഴിയാതെ കമ്മിറ്റി പിരിച്ചു വിട്ടു. രണ്ടാമത്തെ തവണയാണ് ഇടതുമുന്നണി ഭരണം നടത്തുന്ന ചാത്തന്നൂർ പഞ്ചായത്തിൽ നിന്നും നവകേരള സദസിന് പണം അനുവദിക്കുന്നത് മുടങ്ങിയത്.
തിങ്കളാഴ്ചയിലെ പഞ്ചായത്ത് കമ്മിറ്റിയിൽ അവസാനത്തെ അജണ്ടയായാണ് പ്രസിഡന്റ് റ്റി. ദിജു പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയത്. അജണ്ട വായിച്ചതോടെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി.
തുടർന്ന് പഞ്ചായത്ത് ഹാൾ ഉപരോധിച്ചു പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ പ്രമേയം അവതരിപ്പിക്കാതെ മാറ്റിവച്ചു. കഴിഞ്ഞ 29 - ന് കൂടിയ പഞ്ചായത്ത് കമ്മിറ്റിയിലും നവകേരള സദസിന് പണം അനുവദിക്കാനുള്ള ശ്രമം വിജയിച്ചില്ല. ആ കമ്മിറ്റിയിൽ ബി ജെ പി യും യുഡിഎഫും ശക്തമായ നിലപാട് സ്വീകരിച്ചതാണ് കാരണം. ആ കമ്മിറ്റിയിൽ പതിപക്ഷത്തെ 9 അംഗങ്ങളും ഭരണപക്ഷത്തെ 6 അംഗങ്ങളുമാണ് പങ്കെടുത്തത്. പ്രമേയം അവതരിപ്പിച്ചാൽ പരാജയപ്പെടുമെന്ന് ഉറപ്പായത് കൊണ്ടാണ് അന്ന് പിൻവാങ്ങിയത്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒമ്പതംഗങ്ങൾ വീതമാണ്. പ്രതിപക്ഷത്ത് യു ഡി എഫിന് അഞ്ചും ബി ജെ പിയ്ക്ക് നാലും അംഗങ്ങളാണ്.
വീണ്ടും കമ്മിറ്റിയിൽ ഫണ്ട് നൽകണമെന്ന ആവശ്യം ഭരണപക്ഷം ഉന്നയിച്ചതാണ് ബിജെപി അംഗങ്ങൾ പ്രകോപിപ്പിച്ചത്.
ആർ. സന്തോഷ്, ബീനരാജൻ, ശരത്ചന്ദ്രൻ, മീര ഉണ്ണി എന്നിവരാണ് ധർണ നടത്തിയത്. യുഡിഎഫ് അംഗങ്ങൾ ഉപരോധത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിപക്ഷത്തെ ഒമ്പതംഗങ്ങളും ഭരണപക്ഷത്തെ ഏഴംഗങ്ങളുമാണ് കമ്മിറ്റിയിൽപങ്കെടുത്തത്. പ്രമേയം അവതരിപ്പിച്ചിരുന്നെങ്കിൽ പരാജയപ്പെടുമായിരുന്നു.