ക്യാപ്റ്റന്‍ സജിതോ മസിന് ജന്മനാടിന്റെ സ്വീകരണം
1377686
Tuesday, December 12, 2023 12:13 AM IST
അഞ്ചല്‍ : മൂന്നു പതിറ്റാണ്ട് രാജ്യ സേവനത്തിനു ശേഷം കരസേനയില്‍ നിന്നും വിരമിച്ച ക്യാപ്റ്റന്‍ നാടിന്റെ സ്നേഹാദരം. കുളത്തൂപ്പുഴ ഭാരതീപുരം കുന്നുംപുറത്ത് വീട്ടില്‍ സജി തോമസിനാണ് നാട്ടുകാരും ഇടവകക്കാരും വരവേല്‍പ്പു നല്കി ആദരിച്ചത്. പഠന കാലത്ത് ഭാരതീപുരം ഉദയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിലൂടെ വോളിബോള്‍ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സജി തോമസ് കായികരംഗത്തിലൂടെയാണ് കരസേനയിലെത്തുന്നത്. സേനക്ക് വേണ്ടി ഒട്ടേറെ തവണ വോളീബോളില്‍ മികവ് കാഴ്ച വച്ചിട്ടുണ്ട്. ദേശീയ ഗെയിംസില്‍ തുഴച്ചിലിലും കരസേനക്ക് വേണ്ടി നിരവധി മെഡലുകള്‍ നേടി.
ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് ഇന്ത്യ എത്യോപ്യയില്‍ നടത്തിയ അന്താരാഷ്ട്ര സമാധാന സേനയില്‍ അംഗമായി പ്രവര്‍ത്തിച്ച സജി തോമസ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡായും എന്‍സിസി കേഡറ്റുകളുടെ പരിശീലകനായും സേവനമനുഷ്ഠിച്ചു. രാജ്യസേവനത്തിനു ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ അവസരം ലഭിച്ച സജി തോമസ് സേനയില്‍ നിന്നും വിരമിച്ചപ്പോള്‍ നാട് ഒന്നാകെയാണ് സ്വീകരിച്ചത്. പ്രദേശത്തെ ക്ലബുകളും സുഹൃത്തുക്കളും സഹപാഠികളും നാട്ടുകാരും ബന്ധുക്കളും ചടങ്ങില്‍ പങ്കാളിയായി.
വിരമിച്ച് നാട്ടിലെത്തിയ ദിവസം തന്നെയാണ് നാട്ടുകാര്‍ കാത്തുനിന്നു വരവേറ്റത്. സെന്റ് കുരിയാക്കോസ് ദേവാലയത്തിലെ അംഗമായ സജി തോമസിനെ ഇടവക വികാരി ഫാ. പ്രകാശ് കെ.തോമസ്, ഇടവക ട്രസ്റ്റി കൊച്ചുമച്ചൻ എന്നിവര്‍ ചേർന്ന് ഉപഹാരം നല്കി.
ഭാരതീപുരത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ കുളത്തുപ്പുഴ സര്‍വീസ് സഹകരണ പ്രസിഡന്റ് ബി.രാജീവ്, ഉദയാ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് വനദേവ്, സെക്രട്ടറി കൈലാസ്, ജവഹര്‍ ഗ്രന്ഥശാല പ്രസിഡന്റ് കിഷോര്‍, സെക്രട്ടറി ചന്ദ്രശേഖരന് എന്നിവർ പ്രസംഗിച്ചു.