കരുത്ത് തെളിയിച്ച് സമുദായ റാലി
1377393
Sunday, December 10, 2023 10:36 PM IST
സ്വന്തം ലേഖകൻ
കൊല്ലം: കെആർഎൽസിസിയുടെ നേതൃത്വത്തിൽ കൊല്ലം രൂപതയിൽ നടന്ന ജന ജാഗരം പരിപാടിയുടെ ഭാഗമായി നഗരത്തിൽ നടന്ന സമുദായ റാലിയിൽ അണിനിരന്നത് ആയിരങ്ങൾ. സഭാ വിശ്വാസികളുടെ കരുത്തും കെട്ടുറപ്പും വിളിച്ചോതുന്നതായിരുന്നു റാലി.
ലത്തീൻ സമുദായത്തിന്റെ അവകാശങ്ങൾ പലതും കവർന്നെടുക്കുന്നവർക്ക് എതിരേയുള്ള ശക്തമായ മുദ്രാവാക്യങ്ങളാണ് റാലിയിൽ മുഴങ്ങിയത്.
പ്രത്യയശാസ്ത്രത്തിനോ വ്യത്യസ്ത രാഷ്ട്രീയത്തിനോ തങ്ങൾ എതിരല്ലെന്നും സമൂഹത്തിൽ മറ്റുള്ളവർക്ക് ലഭിക്കുന്ന പരിഗണന തങ്ങൾക്കും ലഭിക്കണമെന്നും റാലിയിൽ പങ്കെടുത്തവർ അധികാരികളോട് ആവശ്യപ്പെട്ടു.കൊല്ലം രൂപതയിലെ എട്ട് ഫൊറോനകളിലെ ഭൂരിപക്ഷം ഇടവകകളിൽ നിന്നും ആബാലവൃദ്ധം സഭാവിശ്വാസികൾ ആവേശത്തോടെ എന്റെ സമുദായം, എന്റെ അഭിമാനം എന്നെഴുതിയ പ്ലക്കാർഡുകളുമായി റാലിയുടെ ഭാഗമായി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആശ്രാമം ലിങ്ക് റോഡ് പരിസരത്ത് നിന്ന് ഇന്നലെ വൈകുന്നേരം നാലോടെ ആരംഭിച്ച റാലി കൊല്ലം സെന്റ് റാഫേൽസ് സെമിനാരിയിലെ മോൺ. വിൻസന്റ് മച്ചാഡോ ഫ്ലാഗ് ഓഫ് ചെയ്തു. വേളാങ്കണ്ണി കുരിശടി, ചിന്നക്കട വഴി റാലി സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. റാലിയുടെ വിളംബരമായി കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ് ് കൊല്ലം രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലിങ്ക് റോഡ് ബോട്ട് ജട്ടിക്ക് സമീപം ഫ്ലാഷ് മോബും സംഘടിപ്പിച്ചു. റാലി സമാപിച്ച ശേഷം സ്കൂൾ അങ്കണത്തിൽ പൊതുസമ്മേളനം നടന്നു.