സാമുദായിക-ആത്മീയ നേതൃത്വങ്ങൾ കൈകോ ർത്ത് പ്രവർത്തിക്കണം:മോ ൺ.ജോ സഫ് സുഗുൺ ലിയോ ൺ
1377392
Sunday, December 10, 2023 10:36 PM IST
കൊല്ലം: സംഘടനകളുടെ വളർച്ചയ്ക്കായി സാമുദായിക-ആത്മീയ നേതൃത്വങ്ങൾ സമന്വയിച്ച് പ്രവർത്തിക്കണമെന്ന് കൊല്ലം രൂപത അഡീഷണൽ വികാർ ജനറൽ മോൺ. ജോസഫ് സുഗുൺ ലിയോൺ അഭിപ്രായപ്പെട്ടു.
ഇതു കൂടാതെ സാമൂഹിക വശങ്ങൾ അടക്കമുള്ള കാര്യങ്ങളും ലക്ഷ്യവും നേട്ടവും കൈവരിക്കുനതിന് അനിവാര്യമായ ഘടകങ്ങളാണ്.
പുതിയ തിരിച്ചറിവുകൾക്ക് ഉപകരിക്കുന്നതാകണം എപ്പോഴും ഒത്തുചേരലുകൾ. ഹൃദയത്തിലും മനസിലും മാറ്റങ്ങൾ വരുത്താൻ ഇത്തരം കൂട്ടായ്മകൾക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്റെ സമുദായം, എന്റെ അഭിമാനം എന്ന സന്ദേശമുയർത്തി കെആർഎൽസിസി രൂപതാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗരം-2023 ന്റെ ഭാഗമായി ബിഷപ് ജെറോം എൻജിനീയറിംഗ് കോളജിൽ നടന്ന രാഷ്ട്രീയ നേതൃത്വ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് ലത്തീൻ സമുദായത്തിലെ രാഷ്ട്രീയ നേതൃത്വം ചരിത്രവും ആനുകാലികവും എന്ന സെമിനാറിൽ കേരള യൂണിവേഴ്സിറ്റി മാർക്സിയൻ പഠന കേന്ദ്രം ഡയറക്ടർ പ്രഫ. ഡോ.ജോസഫ് ആന്റണി ക്ലാസ് നയിച്ചു. കുരീപ്പുഴ ഇടവക വികാരി ഫാ.ജോർജ് റോബിൻസൺ മോഡറേറ്ററായിരുന്നു.ലത്തീൻ സമുദായം രാഷ്ട്രീയ നേതൃത്വം - ലക്ഷ്യം എന്ന വിഷയത്തിൽ ചരിത്രകാരൻ ഇഗ്നേഷ്യസ് ഗോൺസാൽവസ് ക്ലാസെടുത്തു. വിശ്വധർമം എഡിറ്റർ മാർഷൽ ഫ്രാങ്ക് മോഡറേറ്ററായിരുന്നു.
മോൺ. ഡോ. ബൈജു ജൂലിയാൻ, ഫാ.ജോളി ഏബ്രഹാം, പി. ബെയ്സിൽ ഒന്നറ്റാർ, എസ്. മിൽട്ടൺ, ജോസഫ് കുട്ടി കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലം രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയാൻ പതാക ഉയർത്തി. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ക്രിസ്റ്റി ഫെർണാണ്ടസിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.