ലത്തീൻ സമുദായത്തോ ടുള്ള നീതി നിഷേധം ഇനിയും അംഗീകരിക്കാനാവില്ല : ബിഷപ്
1377391
Sunday, December 10, 2023 10:36 PM IST
കൊല്ലം:ലത്തീൻ കത്തോലിക്കാ സമുദായത്തിന് അർഹമായ രാഷ്ട്രീയ നീതി ലഭിക്കണമെന്ന് കൊല്ലം രൂപത ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി പറഞ്ഞു. കെആർഎൽസിസികൊല്ലം രൂപത സംഘടിപ്പിച്ച ജനസാഗരം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
സ്വാതന്ത്ര്യ സമരം മുതൽ ലത്തീൻ സമുദായം ഈ രാജ്യത്തിന് വേണ്ടി ചെയ്ത സംഭാവന വളരെ വലുതാണ്. രാഷ്ട്രീയത്തിലും അധികാരത്തിലും സമുദായംചവിട്ടിത്താഴ്ത്തപ്പെടുകയാണ്. ജനപ്രാതി നിധ്യ ഉദ്യോഗസ്ഥ ഭരണ തലങ്ങളിൽ ലത്തീൻ സമുദായത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
ദൈവത്തിലുള്ള ഭക്തി എന്നത് ദൈവാരാധന മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം കൂടി ലക്ഷ്യം വെച്ചുള്ള പ്രവർത്തനം കൂടിയാണെന്നും അതിനാൽ സാമൂഹിക പ്രവർത്തനങ്ങളിൽ അല്മായർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സംരക്ഷിക്കുന്ന വികസന രാഷ്ട്രീയമാണ് ഉണ്ടാകേണ്ടതെന്നും ബിഷപ് പറഞ്ഞു. ഇടതായാലും വലതായാലും മൂന്നാം മുന്നണി ആയാലും സമുദായത്തിന് രാഷ്ട്രീയ നീതി ഉണ്ടാകണമെന്നും ഒരു രാഷ്ട്രീയപാർട്ടിക്കും സമുദായം എതിരല്ലെന്നും ബിഷപ് പറഞ്ഞു.
ലത്തീൻ സമുദായത്തെ ഇനിയും അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാടുകൾ എടുക്കേണ്ടി വരുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൊല്ലം രൂപത വികാരി ജനറൽ ഡോ. ബൈജു ജൂലിയൻ പറഞ്ഞു. കെആർഎൽസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജോർജ്, മേയർ പ്രസന്ന ഏണസ്റ്റ്,അനീഷ് പടപ്പക്കര,ജില്ലാ പഞ്ചായത്തംഗം സി.ബോൾഡ്വിൻ,അനിൽ ജോൺ, ലെസ്റ്റർ കാർഡോസ്, ബെയ്സിൽ നെറ്റാർ. ഫാ ജോളിഎബ്രഹാം, ഫാ. ജോർജ് സെബാസ്റ്റ്യൻ, ഫാ. അമൽരാജ്, എസ് മിൽട്ടൺ, ജാക്സൺ നീണ്ടകര , ജോസഫ് കുട്ടി കടവിൽ, വിൻസി ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. പ്രൊഫ. എസ്. വർഗീസ് നന്ദി പറഞ്ഞു.