മലബാർ എക്സ്പ്രസിന്റെ സമയം പുന:ക്രമീകരിക്കണം: റെയിൽവേ പാസഞ്ചേഴ്സ് അസോ സിയേഷൻ
1377380
Sunday, December 10, 2023 9:43 PM IST
കൊല്ലം: രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസിന്റെ സമയം കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ പുന:ക്രമീകരിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് ,ജില്ലാ പ്രസിഡന്റ് റ്റി.പി.ദീപു ലാൽ എന്നിവർ ആവശ്യപ്പെട്ടു .രാവിലെ 5.45ന് കായംകുളത്ത് എത്തുന്ന ട്രെയിൻ ഒന്പതിന് തിരുവന്തപുരത്ത് എത്തുമെന്നാണ് റെയിൽവേ ടൈംടേബിളിൽ പറഞ്ഞിരിക്കുന്നത് .
മിക്ക ദിവസങ്ങളിലും 6.40 ന് മലബാർ എക്സ്പ്രസ് കൊല്ലത്ത് എത്തുമെങ്കിലും കൊല്ലം-തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ 6.50 ന് തിരിച്ച ശേഷം 7.05 ന് ആണ് കൊല്ലത്ത് നിന്ന് മലബാർ എക്സ്പ്രസ് തിരിക്കുന്നത് .
കൊല്ലത്തിനും തിരുവനന്തപുരത്തിനിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും പാസഞ്ചറിന് സ്റ്റോപ്പുള്ളതിനാൽ മലബാർ എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടശേഷം പാസഞ്ചറിന് പിന്നാലെയാണ് തിരുവനന്തപുരത്ത് എത്തിചേരുന്നത്. ഇങ്ങനെ മലബാർ എക്സ്പ്രസ് പിടിച്ചിടുന്നതിനാൽ തിരുവനന്തപുരo ഭാഗത്തേക്ക് പോകുന്ന ജയന്തി ജനത ,പുനലൂർ-കന്യാകുമാരി ,ഇൻറ്റർ സിറ്റി ,വഞ്ചിനാട് എന്നീ ട്രെയിനുകൾ വൈകാൻ ഇത് കാരണമാകുന്നു .മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കായംകുളത്ത് നിന്ന് തിരുവനന്ത പുരത്ത് എത്താൻ മുന്നേകാൽ മണിക്കൂർ നേരം എടുക്കുന്നു .
മലബാർ മേഖലയിൽ നിന്ന് കാൻസർ സെന്റർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് വരുന്ന യാത്രക്കാർബുദ്ധിമുട്ടുകയാണ്. 6.40ന് കൊല്ലത്ത് എത്തുന്ന ട്രെയിൻ 6.45 ന് കൊല്ലത്ത് നിന്ന് തിരിച്ചാൽ 8.30 ന് മുൻപ് തന്നെ തിരുവനന്തപുരത്ത് എത്തുന്നതിനും രാവിലെ 10ന് മുൻപ് തിരുവനന്തപുരത്ത് എത്തുന്ന മറ്റു ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാൻ കഴിയുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു .