വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം കെട്ടിച്ചമച്ചതാണെന്ന് പോലീസ്
1377194
Sunday, December 10, 2023 1:40 AM IST
ചവറ : ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന 11കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുവെന്ന ആരോപണം കുട്ടിക്ക് ട്യൂഷന് പോകാനുള്ള മടി കാരണം കുട്ടി തന്നെ മെനഞ്ഞെടുത്ത കഥയാണെന്ന് പോലീസ്.
കഴിഞ്ഞ ദിവസം സന്ധ്യയോട് കൂടി ചവറയിലാണ് സംഭവം. കുട്ടി പോലീസിനോട് പറയുന്നത്: കാവിനു സമീപത്തു നിന്നും രണ്ടു പേർ നടന്നുവരികയും ഉടൻതന്നെ ഒരു കാറ് വന്നുവെന്നും ഇത് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുട്ടി പറഞ്ഞിരുന്നത് .
കുട്ടിയുടെ മൊഴി അനുസരിച്ച് പോലീസ് സമീപത്തെ സിസിടിവികൾ പരിശോധിച്ചുവെങ്കിലും കുട്ടി പറയുന്നത് അനുസരിച്ചുള്ള വാഹനം അതുവഴി പോയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സംഭവം അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. ഏകദേശം രാത്രി 11 വരെ പോലീസ് പരിശോധന നടത്തി. തുടർന്ന് ഇന്നലെ രാവിലെയും പരിശോധന നടത്തിയെങ്കിലും യാതൊരുവിധ തുമ്പും പോലീസിന് കിട്ടിയില്ല.
സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്നും ആളുകൾ എത്തിച്ചേരാറുണ്ട്. കൂട്ടത്തിൽ ആരെങ്കിലും നടന്നുവന്നപ്പോൾ കുട്ടിക്ക് അവർ തന്നെ തട്ടിക്കൊണ്ടുപോകാൻ വരുന്നു എന്ന് തോന്നൽ ഉണ്ടായതാകാം എന്ന അനുമാനത്തിൽ ആയിരുന്നു പോലീസ്.
സംഭവത്തിൽ ആശങ്ക വേണ്ടായെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു . ഇന്നലെ രാവിലെ വീണ്ടും കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് കുട്ടി ട്യൂഷന് പോകാനുള്ള മടി കൊണ്ടാണ് തന്നെ തട്ടിക്കൊണ്ടുപോകാൻ ആരോ ശ്രമിച്ചു എന്ന കഥ ഉണ്ടാക്കിയതെന്ന് പോലീസിനെ ധരിപ്പിച്ചത്.
ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ കുട്ടികൾ തന്നെ പ്രചരിപ്പിച്ചാൽ അത് പോലീസിനും ജനങ്ങൾക്കും തന്നെ ബുദ്ധിമുട്ടായി മാറുമെന്ന് ബന്ധപ്പെട്ട നിയമ വിദഗ്ധർ പറയുന്നു.