അഞ്ചലില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകയറി ആക്രമിച്ചു
1377173
Sunday, December 10, 2023 1:16 AM IST
അഞ്ചല്‍ : വടിവാള്‍ അടക്കം മാരകായുധങ്ങളുമായി എത്തിയ സംഘം അഞ്ചലില്‍ വീടുകയറി ആക്രമിച്ചു. ആക്രമണത്തില്‍ വീടിനും വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന കാറിനും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
അഞ്ചൽ ചന്തയ്ക്ക് സമീപം ബിൽഡിംഗ് കോൺട്രാക്ടറായ സലീമിന്റെ വീടിന് നേരയാണ് കഴിഞ്ഞ ദിവസം രാത്രി അതിക്രമം ഉണ്ടായത്. ഏഴുപേര്‍ അടങ്ങുന്ന സംഘം വീടിന്റെ മതില് ചാടിക്കടന്ന് എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനചില്ലുകള് വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന പൂചെട്ടികള്‍, കാറിന്റെ ഗ്ലാസുകള്‍ എന്നിവ തകര്‍ത്തു. വീടിനു മുന്നില്‍ നിന്നും കൊലവിളി നടത്തിയാണ് സംഘം സ്ഥലം വിട്ടത്.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ സലിം അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടുപേരേ കസ്റ്റഡിയില്‍ എടുത്ത അഞ്ചല്‍ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അടുത്തിടെ സലീമിന്റെ വീടിന് സമീപത്ത് മറ്റൊരാളുടെ ഏലായിൽ മാലിന്യം മറവ് ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു ചില സംഭവങ്ങൾ നടന്നിരുന്നു.
ഇതില്‍ അഞ്ചല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണോ ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു