നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് നികത്തണം
1377165
Sunday, December 10, 2023 1:16 AM IST
പരവൂർ:നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ജനങ്ങളെ ദുരിതത്തിലാ ക്കുന്നു.ആശുപത്രിയുടെ മേൽനോട്ടം വഹിക്കേണ്ട സൂപ്രണ്ടിന്റെ തസ്തിക തന്നെ ഒഴിഞ്ഞു കിടക്കുകയാണ്.
ഗൈനക്കോളജിയിലെ വലിയ ഉത്തരവാദിത്വമുള്ള ഡോക്ടർക്കാണ് സൂപ്രണ്ടിന്റെ താല്ക്കാലിക ചുമതല. 12 ഡോക്ടർമാർ വേണ്ടിടത്ത് എട്ട് ഡോക്ടർമാരെ വെച്ച് ഒരു താലൂക്ക് ആശുപത്രി പ്രവർത്തിപ്പിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ദുരിതം ഡോക്ടർമാരും രോഗികളും ഒരുപോലെ അനുഭവിക്കുകയാണ്.
ഡോക്ടർമാർ ഇല്ലാത്തതുമൂലം ഒപി പ്രവർത്തിക്കാത്ത ദിവസങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. വകുപ്പുമന്ത്രിയും സ്ഥലം എംഎൽഎയും ആശുപത്രി സന്ദർശിച്ച് വാഗ്ദാനങ്ങൾ നല്കി പോയതല്ലാതെ ഡോക്ടർമാരുടെ അഭാവം പരിഹരിക്കപ്പെട്ടിട്ടില്ല.
ഉള്ള ഡോക്ടർമാർ ഓവർ ഡ്യൂട്ടി നോക്കി കഷ്ടപ്പെടുകയാണെന്നും അവരെ യാതൊരു വിധത്തിലും കുറ്റപ്പെടുത്താൻ ആവില്ലെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ അഭിപ്രായപ്പെട്ടു.
കുറവുള്ള ഡോക്ടർമാരെ അടിയന്തിരമായി നിയമിച്ച് ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജി. ദിവാകരൻ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.