മെഡിസെപ്പിന്റെ പേരിലുള്ള വഞ്ചന അവസാനിപ്പിക്കണം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ
1376568
Thursday, December 7, 2023 11:52 PM IST
കുണ്ടറ: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ അംഗങ്ങളായവരിൽ മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവർക്ക്പരിരക്ഷ നിഷേധിക്കുന്ന ഓറിയന്റൽ ഇൻഷുറൻസിന്റെ നടപടി പ്രതിഷേധാർഹമാണെന്നും മെഡിസെപ്പിന്റെ പേരിൽ നടത്തുന്ന വഞ്ചന അവസാനിപ്പിക്കണമെന്നും സീനിയർ സിറ്റിസൺസ് സർവീസ് കൗ ൺസിൽ യോഗം ആവശ്യപ്പെട്ടു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും പുകവലിക്കാർക്കും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ നടപടിയെടുക്കാൻ ഇവിടെ പോലീസും നിയമ സംവിധാനങ്ങളുമുണ്ട്. ഇക്കാര്യത്തിൽ ഇടപെടാൻ മെഡിസെപ്പിന്റെ കരാറെടുത്ത ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് ഒരുഅധികാരവുമില്ല.
15 വർഷം മുൻപ് ലഹരി ഉപയോഗിച്ചതിന്റെ പേരിൽ ഇപ്പോൾ മെഡിസെപ്പ് പരിരക്ഷ നിഷേധിക്കുന്നതിൽ ഒരു ന്യായീകരണവുമില്ല.
മദ്യപാനമോ തുടർച്ചയായ പുകവലിയോ ഉള്ളവർക്ക് മെഡിക്കൽ പരിരക്ഷ നൽകില്ലെന്ന് ഇൻഷ്വറൻസ് കമ്പനി സർക്കാരുമായി ഉണ്ടാക്കിയ കരാറിൽ എങ്ങും തന്നെ വ്യവസ്ഥ ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ അക്കാര്യംസംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അറിയിക്കാതെ മെഡിസെപ്പിൽ ചേർത്തതും അവരിൽ നിന്നും പ്രതിമാസം 500 രൂപ വീതം പിടിച്ചെടുക്കുന്നതും കൊടിയ വഞ്ചനയാണ്.
എല്ലാ രോഗത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ച്മെഡിസെപ്പിൽ ചേർന്നവരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്.പരിരക്ഷ നിഷേധിക്കപ്പെടുന്നവരിൽ നിന്നും ഇതുവരെ പിടിച്ചെടുത്ത തുക മുഴുവൻ പലിശ സഹിതം തിരിച്ചു കൊടുക്കണമെന്നും ഈ പദ്ധതിയിൽ തുടരാൻ താല്പര്യമില്ലാത്ത ജീവനക്കാരെയും പെൻഷൻക്കാരെയും പദ്ധതിയിൽ നിന്ന് പിന്മാറാൻ അനുവദിക്കണമെന്നും ജില്ലാ സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഡോ .വെള്ളിമൺ നെൽസൺഅധ്യക്ഷതവഹിച്ചു. കെ എൻ. കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ. എസ് .സുരേഷ് കുമാർ, എ ജി .രാധാകൃഷ്ണൻ, പ്രൊഫ. ജി. വാസുദേവൻ, ജില്ലാ സെക്രട്ടറി ഡി. രാമചന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് നീലേശ്വരം സദാശിവൻ, കെ. പി. ശങ്കരൻകുട്ടി, പി .എസ്. ശശിധരൻ പിള്ള, എം. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.