ഔഷധസസ്യങ്ങൾ നിറഞ്ഞ സഞ്ജീവനി വനം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
1376323
Wednesday, December 6, 2023 11:29 PM IST
കുളത്തൂപ്പുഴ :കുളത്തൂപ്പുഴയിൽ സോഷ്യൽ ഫോറസ്ട്രിയുടെ കൊല്ലം ഡിവിഷനിൽ പുനലൂർ റേഞ്ചിൽ 1988ൽ ആരംഭിച്ച സഞ്ജീവനി വനം സംരക്ഷണമില്ലാതെ നശിക്കുന്നു .
18 ഹെക്ടർ വനഭൂമിയിൽ 500 ൽ അധികം ഔഷധസസ്യങ്ങളുടെ ഇനങ്ങളുമായി നട്ട് പിടിപ്പിച്ച് പരിപാലിക്കുകയായിരുന്നു.ഇപ്പോൾ വനം വകുപ്പിന്റെ ഫണ്ട് ലഭ്യമല്ലാത്തിതിനാലും പരിചരണം ലഭിക്കാത്തതിനാലും, പല ഔഷധ സസ്യങ്ങളും നശിച്ചു.
വർഷത്തിലൊരിക്കൽ മാത്രം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ കാട് വെട്ടിതെളിക്കുന്നതാണ് ആകെയുള്ള പരിചരണം.ഒരു ഫോറസ്റ്ററും രണ്ട് വാച്ചറന്മാരും മാത്രമാണ് ഇതിന്റെ ചുമതല നിർവഹിക്കുന്നത്.
ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്ന കാലയളവിൽ തോട്ടം സംരക്ഷിക്കുവാൻ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കി.
ഒരു ഔഷധ ശില്പശാല സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുകയും, ആയൂർവേദ കോളജിലെ വിദ്യാർഥികളെയും, അധ്യാപകരേയും ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചിരുന്നു.
ഭാരതത്തിന്റെ തനത് വൈദ്യമേഖലയായ ആയൂർ വേദത്തിന്റെ അനന്തസാധ്യതകൾ പഠനത്തിന് വിധേയമാക്കി. കുറഞ്ഞ നാളുകളിൽ ഔഷധ സസ്യത്തേക്കുറിച്ചുള്ള പഠന ക്യാന്പുകളും, മറ്റും സംഘടിപ്പിച്ചിരുന്നു.
ഫണ്ടിന്റെ അഭാവത്തിൽ, തുടർ നടപടികളെല്ലാം പാഴായി.കാട്ടുപോത്തുകളും, കാട്ടാനകളും, മറ്റ് വന്യ ജീവികളും നിരന്തരമിറങ്ങി ശേഷിച്ച സസ്യങ്ങളും നശിപ്പിക്കപ്പെട്ടഅവസ്ഥയാണ് ഇപ്പോഴത്തേത്.
ഈ തോട്ടത്തെ സംരക്ഷിക്കുവാനും, വന്യ മൃഗങ്ങളെ അകറ്റി നിർത്തുവാനും,കിടങ്ങുകളും, സോളാർ ഫെൻസിങ്ങുമിട്ട് സംരക്ഷിക്കണം. അതിനുള്ള ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ഇക്കോ ടൂറിസം, വനം മ്യൂസിയം, കെഎൽഡി ബോർഡ്, കുളത്തൂപ്പുഴ ബാല ശാസ്താ ക്ഷേത്രം , ആർപിഎൽ ,ശെന്തുരിണി വന്യ ജീവി സങ്കേതം എന്നിവ ഉൾപ്പെടുത്തി ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തണമെന്നും, മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ഇതിന്റെ ആവശ്യകത ഉന്നയിക്കുമെന്നും അതിൽ ഈ പദ്ധതി കൂടി ഉൾപ്പെടുത്തണമെന്ന് കേരളാ കോൺഗ്രസ്- എം കുളത്തൂപ്പുഴ മണ്ഡലം പ്രസിഡന്റ്ബോബൻ ജോർജ് ആവശ്യപ്പെട്ടു.