നവകേരള സദസ് ജില്ലയിൽ എത്തും മുമ്പ് സിപിഎം -സിപിഐ തർക്കം പരിഹരിക്കാൻ നീക്കം
1376316
Wednesday, December 6, 2023 11:29 PM IST
കൊല്ലം: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് കൊല്ലത്ത് എത്തും മുമ്പ് ജില്ലയിൽ പലയിടത്തും നിലനിൽക്കുന്ന സിപിഎം സിപിഐ തർക്കം അടിയന്തിരമായി പരിഹരിക്കാൻ നീക്കം.
ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സിപിഎം -സിപിഐ പ്രാദേശികമായ തർക്കവും സംഘർഷവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല കോളജ് കാമ്പസുകളിൽ എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐക്കാർ ആക്രമിക്കുന്നതും പതിവാണ്. ഇതിന് പരിഹാരം കാണണമെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല എന്നും സിപിഐ നേതാക്കൾ പറയുന്നു.
ജില്ലയിൽ അടുത്തിടെ നടന്ന പല സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ ഇടതു പാനലിൽ സിപിഎം നേതൃത്വം സിപിഐയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ല എന്ന ആക്ഷേപവും നില നിൽക്കുന്നു.
ഇത്തരം പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാതെ നവകേരള സദസ് കൊല്ലത്ത് എത്തിയാൽ വലിയ നാണക്കേട് ഉണ്ടാകുമെന്ന് ഇരുകൂട്ടരും പറയുന്നു.സംഗതി ഗൗരവമായി കണ്ട് പ്രശ്നം ഉടൻ പരിഹരിക്കാൻ ശ്രമം തുടങ്ങി കഴിഞ്ഞു. ഇരു പാർട്ടികളിലെയും ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാനാണ് നീക്കം നടക്കുന്നത്.
ഏറ്റവും ഒടുവിൽ ഇരു പാർട്ടികളുടെയും ശക്തി കേന്ദ്രമായ കടയ്ക്കലിൽ ഉണ്ടായ പ്രശ്നങ്ങളാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.ഇവിടെ എഐവൈഎഫ് - ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘട്ടനം ഉണ്ടായി. ഇത് പിന്നീട് സിപിഎം - സിപിഐ തർക്കമായി മാറി. തുടർന്ന് സംഘർഷത്തിലേയ്ക്ക് കടക്കുകയും ചെയ്തു.
അതിനു ശേഷം ഇരു കൂട്ടരും പൊതുയോഗങ്ങൾ നടത്തി പരസ്പരം വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ നീങ്ങി. ശക്തമായ ഭാഷയിൽ തന്നെയായിരുന്നു വെല്ലുവിളികൾ.
ഇതിനിടെ സിപിഐ നിസഹകരണവും ആരംഭിച്ചു. ഇടതു മുന്നണി ഭരിക്കുന്ന കടയ്ക്കൽ പഞ്ചായത്ത് സമിതി യോഗത്തിൽ നിന്നും കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി യോഗത്തിൽ നിന്നും സിപിഐ പ്രതിനിധികൾ വിട്ടു നിന്നു.
നവകേരള സദസിന്റെസ്വാഗത സംഘം രൂപീകരണ യോഗത്തിലും പങ്കെടുക്കില്ല എന്ന നിലപാടിലാണ് സിപിഐ.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സംഗതി കൈവിട്ടു പോകുമെന്ന ചിന്തയിലാണ് പ്രശ്ന പരിഹാരത്തിനായി ജില്ലാ നേതൃത്വം അടിയന്തിരമായി ഇടപെടുന്നത്.
മന്ത്രി ജെ. ചിഞ്ചു റാണി പ്രതിനിധാനം ചെയ്യുന്ന ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കടയ്ക്കൽ. നവകേരള സദസിൽ മന്ത്രി ചിഞ്ചുറാണിയും ഉൾപ്പെടുന്നു.
സദസ് തന്റെ മണ്ഡലത്തിൽ എത്തും മുമ്പ് പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചില്ലങ്കിൽ അത് മന്ത്രിക്കും നാണക്കേടാകും. അതുകൊണ്ട് തന്നെ മന്ത്രിയും ഇക്കാര്യത്തിൽ ഇടപെടൽ നടത്തിക്കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.