കൊ ല്ലം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണം :യൂത്ത് കോ ൺഗ്രസ്
1376315
Wednesday, December 6, 2023 11:29 PM IST
കൊല്ലം: നഗരത്തിലെ വാടി,മൂതാക്കര തങ്കശേരി, ഇരവിപുരം, വിമല ഹൃദയ സ്കൂൾ, ശക്തികുളങ്ങര തുടങ്ങിയുള്ള മേഖലകളിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുമാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നതിനു അടിയന്തര പരിഹാരം കാണണമെന്നും, മാലിന്യങ്ങൾ പൊതുനിരത്തിൽ ഇടുന്നത് തടയുന്നതിനായി സിസിടിവികൾ സ്ഥാപിക്കണമെന്നുംആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം കോർപറേഷനിൽ ഉപരോധം സംഘടിപ്പിച്ചു.
നിലവിൽ കൊല്ലം കോർപറേഷനിൽ മാലിന്യം സംസ്കരിക്കുവാനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഇതുമൂലം മാലിന്യങ്ങൾ കുമിഞ്ഞു കൂടി ദിനംപ്രതി ജനജീവിതം ദുസഹമായി കൊണ്ടിരിക്കുകയാണ്.
ഗ്രീൻ കേരള എന്നും, മാലിന്യ വിമുക്ത കേരളം എന്നും സർക്കാരിന്റെ പരസ്യങ്ങളിൽ മാത്രമേയുള്ളുവെന്നും, ശുചീകരണ പ്രവർത്തനങ്ങൾക്ക് യുദ്ധകാല അടിസ്ഥാനത്തിൽ കോർപറേഷൻ നടപടി സ്വീകരിക്കാതിരുന്നാൽ ഗുരുതരമായ പകർച്ചവ്യാധികളാൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും, അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ കോർപറേഷൻ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ ഉപരോധത്തെ തുടർന്ന് ഡെപ്യൂട്ടി സെക്രട്ടറി സമരക്കാരുമായി ചർച്ച നടത്തുകയും, തുടർന്ന് മീറ്റിംഗിൽ പങ്കെടുത്തു കൊണ്ടിരുന്ന കോർപറേഷൻ സെക്രട്ടറി സമരക്കാർക്ക് അടിയന്തരമായി മാലിന്യങ്ങൾ നീക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് നൽകിയ ഉറപ്പിന്മേൽ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് അനസിന്റെ അധ്യക്ഷതയിൽ നടന്ന ഉപരോധം യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.
ഫൈസൽ കുളപ്പാടം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, ഉല്ലാസ് ഉളിയക്കോവിൽ,ഹർഷാദ് മുതിരപ്പറമ്പ്, ഫൈസൽ അയത്തിൽ, ഫവാസ് പള്ളിമുക്ക്, അജ്മൽ, നസ്മൽ കലത്തിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.