മത്സ്യതൊ ഴിലാളികളുടെ ഉപജീവനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രസർക്കാർ ഒരുക്കും :എൻ.കെ. പ്രേമചന്ദ്രൻ
1376083
Wednesday, December 6, 2023 12:25 AM IST
കൊല്ലം: മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എന്‍. കെ. പ്രേമചന്ദ്രന് എംപിയെ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രുപാല ലോക്സഭയില്‍ അറിയിച്ചു.
മത്സ്യ മേഖലയിലെ ഉപജീവനം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ എന്ന എന്‍.കെ. പ്രേമചന്ദ്രന് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇതിനായി പ്രധാനമന്ത്രി മത്സ്യ സമ്പാദാ യോജന പദ്ധതി മത്സ്യബന്ധന വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മത്സ്യതൊഴിലാളികള്‍ക്ക് ജീവനോപാധി ശാക്തീകരിക്കുവാന്‍ ബോട്ട,് വല, ആശയവിനിമയ ഉപകരണങ്ങള്‍, ട്രാക്കിംനുള്ള ഉപകരണങ്ങള്‍, കടലിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള സഹായം, സിവിഡ് കള്‍ച്ചര്‍, ബിവാല്വ് കള്‍ച്ചര്‍ എന്നിവയ്ക്ക് പരിശീലനവും നൈപുണ്യം വികസനവും, വിപണനത്തിനും സംഭരണത്തിനും ഉള്ള സൗകര്യങ്ങള്‍, പിന്നാക്കം നില്ക്കുന്ന പാവപ്പെട്ട പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മത്സ്യബന്ധന നിരോധനം ഉള്ള കാലയളവില്‍ ധനസഹായം നല്‍കുക, തുടങ്ങിയ നിരവധി സഹായങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിതരണ കേന്ദ്രത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ വിഹിതത്തില്‍ ഒരു മാസത്തെ മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് വിതരണം നല്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടെന്നും അപ്രകാരം നല്കുന്ന മണ്ണെണ്ണ കേന്ദ്രം അധികമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
2020-21 - 2022-23, 2023-24 സാമ്പത്തിക വര്‍ഷത്തിലായി മത്സ്യമേഖലയിലെ വിവിധ പദ്ധതികള്‍ക്ക് ധനസഹായമായി 17118.62 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ മത്സ്യബന്ധന വകുപ്പ് സമര്‍പ്പിച്ച പദ്ധതികള്‍ക്കായി 903.32 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം മത്സ്യതൊഴിലാളികളുടെ ക്ഷേമവും ജീവനോപാധികള്‍ക്കും ഉറപ്പു വരുത്തുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിനായി അനുവദിച്ച പദ്ധതിയില്‍ മത്സ്യബന്ധന നിരോധന കാലത്ത് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ജീവനോപാധികളും ക്ഷേമവും ഉറപ്പാക്കാനുളള സമഗ്ര പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രോളിംഗ് കാലത്ത് പോഷകാഹാര വിതരണം, അലങ്കാര മത്സ്യകൃഷി, മത്സ്യബന്ധന തുറമുഖം, ഷിപ്പ് ലാന്റിംഗ് സെന്ററുകള്‍, ആഴകടല്‍ മത്സ്യബന്ധന ബോട്ടുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് പദ്ധതി പ്രകാരം ധനസഹായം നല്കുവാന് കഴിയുമെന്നും കേന്ദ്ര മന്ത്രി എന്‍.കെ. പ്രേമചന്ദ്രന് എംപിയെ അറിയിച്ചു.