ഫാത്തിമ ഉമ്മയ്ക്ക് തണലായ് നവജീവൻ അഭയകേന്ദ്രം
1376081
Wednesday, December 6, 2023 12:25 AM IST
കൊല്ലം : പത്തനാപുരം കുണ്ടയം കാരമ്മൂട്ടിൽ വീട്ടിൽ ഏകാന്തയായി കഴിഞ്ഞിരുന്ന ഫാത്തിമ ബീവി (82) യെ കൊല്ലം നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു.വർഷങ്ങളായി മഞ്ചള്ളൂരിൽ താമസിച്ചിരുന്ന ഫാത്തിമ ബീവിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു.
തുടർന്ന് സഹോദരിയോടൊപ്പം താമസിച്ച് വരുകയായിരുന്നു. സഹോദരിയും വാർധക്യ സഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടിലായ അവസ്ഥയിൽ ഫാത്തിമ ഉമ്മയെ കുറച്ചു ദിവസങ്ങളായി സഹായിച്ചു സംരക്ഷണം നൽകിയത് നാട്ടുകാരും അയൽവാസികളുമായിരുന്നു. ഫാത്തിമ ബീവിയെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കാരമ്മൂട് വാർഡ് മെമ്പർ നാജിഹ ടീച്ചറും അയൽവാസികളും
നവജീവൻ അഭയ കേന്ദ്രം മാനേജ്മെനന്റി ന് കത്ത് നൽകിയിരുന്നു.
ഇതേ തുടർന്നാണ് ഫാത്തിമ ബീവിയെ നവജീവൻ അഭയകേന്ദ്രം ഭാരവാഹികൾ ഏറ്റെടുത്തത്. ഗ്രാമ പഞ്ചായത്ത് അംഗം നാജിഹ ടീച്ചർ, ജമാഅത്തെ ഇസ്ലാമി പത്തനാപുരം ഏരിയ പ്രസിഡന്റ് പി.എച്ച് മുഹമ്മദ്, പൊതു പ്രവർത്തകരായ അഷറഫ് കാരമ്മൂട്,വെൽഫെയർ പാർട്ടി കാരമ്മൂട് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ ഏറ്റെടുക്കൽ ചടങ്ങിൽ സംബന്ധിച്ചു.