കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നി​ടെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ഉ​മ​യ​ന​ല്ലൂ​ർ പ​ട്ട​രു​മു​ക്കി​ന​ടു​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി​യ​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​കു​വാ​ൻ കാ​ര​ണ​മാ​ക്കി.

പൈ​പ്പ് പൊ​ട്ടി​യ​തു മൂ​ലം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​മാ​ണ് മു​ട്ടി​യ​ത്. വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ദ്ധ്യ മി​ല്ലാ​തെ ജെ​സിബി​ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന​താ​ണ് പൈ​പ്പു​ക​ൾ പൊ​ട്ടു​വാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.​ഇ​തി​ന് മു​മ്പും നി​ര​വ​ധി ത​വ​ണ ഉ​മ​യ​ന​ല്ലൂ​ർ ഭാ​ഗ​ത്ത് കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ചാ​ത്ത​ന്നൂ​ർ ഊ​റാം വി​ള​യി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.