കോ ൺഗ്രസ് കുടുംബ സംഗമം വികാര നിർഭരമായി
1375880
Tuesday, December 5, 2023 12:26 AM IST
പുനലൂർ : പ്രിയദർശിനി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മൺ മറഞ്ഞ 70 കോൺഗ്രസ് നേതാക്കൾക്ക് ഓർമ്മപ്പൂക്കൾ എന്ന പേരിലും മുതിർന്ന 65 കോൺഗ്രസ് പ്രവർത്തകർക്ക് സ്നേഹാദരവ് എന്ന പേരിലും പുനലൂരിൽ സംഘടിപ്പിച്ച പൊതു ചടങ്ങ് വികാരനിർഭരമായി.
മരിച്ചു പോയ തന്റെ പ്രിയപ്പെട്ടവരുടെ ചിത്രം സ്ക്രീനിൽ കാണുകയും അവരുടെ ഓർമ്മകൾ സംഘാടകർ വിവരണമായി ഉച്ചഭാഷിണിയിലൂടെ നൽകുകയും ചെയ്തപ്പോൾ, ആദരവ് ഏറ്റുവാങ്ങാനെത്തിയ കുടുംബാംഗങ്ങളിൽ പലരും വേദിയിൽ പൊട്ടിക്കരഞ്ഞു.
നാല് വർഷം മുൻപ് അന്തരിച്ച യുഡിഎഫ് പുനലൂർ നിയോജക മണ്ഡലം ചെയർമാനായിരുന്ന കരിക്കത്തിൽ പ്രസേനന്റെ ഭാര്യ സരസമ്മ ടീച്ചർ, ഭർത്താവിന്റെ ചിത്രമടങ്ങുന്ന മെമന്റോ നെഞ്ചിൽ ചേർത്ത് വിതുമ്പി നിന്നത് പലരുടേയും കണ്ണു നനച്ചു. മുൻ ഡിസിസി പ്രസിഡന്റ് എൻ. ലംബോധരൻ പിള്ളയുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയ 89 വയസുള്ള മൂത്ത മകൾ തങ്കമ്മ മുതൽ 1952 ൽ നെഹ്റു പുനലൂർ പ്രസംഗിച്ച യോഗത്തിൽ അധ്യക്ഷനാകുകയും 1968 ൽ മരിയ്ക്കുകയും ചെയ്ത എ.എസ്.എം.ഷായുടെ ചെറുമകൾ അലീന വരെയുള്ള മൂന്നു തലമുറയുടെ സംഗമ വേദിയായിയായി സമ്മേളനം മാറി. 136 കുടുംബങ്ങളെയാണ് ആദരവിന് ക്ഷണിച്ചത്. 120 ൽ അധികം കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
എഴുത്തുകാരൻ ഡോ. പഴകുളം സുഭാഷ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഒരിടത്തും ഒരു രാഷ്ട്രീയ പാർട്ടിയും നടത്തിയിട്ടില്ലാത്ത ഇത്തരം ശ്ലാഘനീയമായ പ്രവർത്തനത്തിലൂടെ മാത്രമേ കോൺഗ്രസിന് നഷ്ടപ്പെട്ട അടിവേരുകൾ വീണ്ടെടുക്കാൻ കഴിയൂ എന്ന് ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു. പ്രിയദർശിനി ഫൗണ്ടേഷൻ ചെയർമാൻ സി.ബി. വിജയകുമാർ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി നടുക്കുന്നിൽ വിജയൻ, മുൻ കെപിസിസി അംഗം അഞ്ചൽ സോമൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഏബ്രഹാം ജോർജ്, എസ്. ഇ സഞ്ജയ്ഖാൻ, എം. യൂസഫ്, എച്ച്. സലിംരാജ്, കുമാർ പുനലൂർ, കെ.സുകുമാരൻ, കെ.വിജയകുമാർ, ക്രിസ്റ്റഫർ രാജൻ എന്നിവർ പ്രസംഗിച്ചു.