തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കും: ഐഎൻടിയുസി
1375876
Tuesday, December 5, 2023 12:26 AM IST
കൊല്ലം: ശമ്പള പരിഷ്കരണ കാര്യത്തിൽ കശുവണ്ടി വ്യവസായ ബന്ധസമിതി (കാഷ്യൂ ഐആർസി) യുടെ ഇന്നത്തെ ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ യൂണിയൻ നോട്ടീസ് നൽകി വ്യവസ്ഥാപിതമായ രീതിയിൽ ശക്തമായ സമരം ആരംഭിക്കാൻ സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി തീരുമാനിച്ചു.
കൊല്ലത്ത് ചേർന്ന സൗത്ത് ഇന്ത്യൻ കാഷ്യൂ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസിയുടെ സംസ്ഥാന ജനറൽബോഡി യോഗമാണ് തീരുമാനമെടുത്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫാക്ടറികൾ കേന്ദ്രീകരിച്ച് കശുവണ്ടി തൊഴിലാളികൾ സ്വമേധയാ സമരത്തിന് ഇറങ്ങിയിട്ടും കണ്ടില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
എട്ടുവർഷമായി കശുവണ്ടി മേഖലയിൽ ശമ്പള പരിഷ്കരണം നടത്തിയിട്ട്. 50 ശതമാനം ശമ്പള വർധന വരുത്തണമെന്നാണ് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടുള്ളത്.
മിനിമം വേജസ് കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടും സർക്കാർ അതിന്മേൽ അടയിരിക്കുകയാണെന്ന് ജനറൽ ബോഡി യോഗം കുറ്റപ്പെടുത്തി.
8, 9, 10 തീയതികളിൽ കൊല്ലത്ത് നടക്കുന്ന ഐഎൻടിയുസി ജില്ലാ സമ്മേളനത്തിൽ ആയിരം കശുവണ്ടി തൊഴിലാളികളെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എ കെ ഹഫീസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ് ശൂരനാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ടി.ആര് ഗോപകുമാർ, വൈസ് പ്രസിഡന്റ് പെരിനാട് മുരളി, ജനറൽ സെക്രട്ടറിമാരായ ഒ.ബി. രാജേഷ്, പി. മോഹൻലാൽ ചാലൂക്കോണം അനിൽകുമാർ, ചന്ദ്രൻ കല്ലട, ബി ശങ്കരനാരായണപിള്ള രഘു പാണ്ഡവപുരം, അയത്തിൽ വിക്രമൻ തുടങ്ങിയവർ പ്രസംഗിച്ചു.