ആഡംബര യാത്ര ധൂർത്തിന്റെ പര്യായം: ഷാനിമോ ൾ ഉസ്മാൻ
1375874
Tuesday, December 5, 2023 12:26 AM IST
കൊല്ലം : കേരളത്തിലെ മുഴുവൻ ജനങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് മന്ത്രിമാരും ചേർന്ന് നടത്തുന്ന ആഡംബര യാത്ര ധൂർത്തിന്റെ പര്യായമാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ പെൻഷനും സമൂഹത്തിലെ ഏറ്റവും പിന്നോക്കകാർക്ക് ലഭിക്കുന്ന സാമൂഹിക പെൻഷനുകളും മറ്റ് പല ആനുകൂല്യങ്ങളും മാസങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണ്. ട്രഷറിയിലെ ബില്ലുകൾ മാറാതെ പിടിച്ചു വച്ചിരിക്കുകയാണ്. അങ്ങനെ സമസ്തമേഖലയും സ്തംബിച്ചിരിക്കുന്ന അവസ്ഥയിലാണ്.
കോടിക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവ കേരള സദസ് സംഘടിപ്പിക്കുന്നത് തികച്ചും അപലപനീയം ആണെന്നും അതുകൊണ്ടുതന്നെയാണ് യുഡിഎഫ് ഈ പരിപാടിയുമായി സഹകരിക്കാത്തതെന്നും ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി. കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിലെ എഎ റഹീം മെമോറിയൽ ഹാളിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി ഗീതാകൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എഐസിസി അംഗം ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറി സൂരജ് രവി, ഡിസിസി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോർജ് ഡി കാട്ടിൽ, കൃഷ്ണവേണി ജി ശർമ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം, ബ്ലോക്ക് പ്രസിഡന്റുമാരായ പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, ഡോ. ഉദയ സുകുമാരൻ, ആർ രമണൻ, എഫ് അലക്സാണ്ടർ, എകെ സാബ് ജാൻ, കുരീപ്പുഴ യഹിയ, ജി ചന്ദ്രൻ, രഞ്ജിത് കലുങ്കുമുഖം തുടങ്ങിയവർ പ്രസംഗിച്ചു.
ഓൺലൈനിൽ എങ്ങനെ വോട്ട് ചേർക്കാം, ബിഎൽഎ യുടെ ഉത്തരവാദിത്വങ്ങൾ, ബൂത്ത് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസും ബൂത്ത് തിരിഞ്ഞു വോട്ടർ പട്ടിക വിശകലനവും നടന്നു.